ആദിപുരുഷ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും

പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയതോടെയാണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ ചിത്രം ഇറങ്ങാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനുമാണ് എത്തുന്നത്. രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണെന്നും ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായായി അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

ആദിപുരുഷില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചുവെന്നും ഇത് ശരിയായ ചിത്രീകരണമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പുരാണങ്ങളില്‍ രാമന്‍ ശാന്തനാണെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മതവികാരം വൃണപ്പെടുത്തുന്ന രംഗങ്ങള്‍ ടീസറില്‍ ഉണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *