ഗാനചിത്രീകരണത്തിനിടെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗായകനും എ.ആര്‍. റഹ്മാന്റെ മകനുമായ എ.ആര്‍. അമീന്‍

ഗാനചിത്രീകരണത്തിനിടെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗായകനും എ.ആര്‍. റഹ്മാന്റെ മകനുമായ എ.ആര്‍. അമീന്‍.

അമീന്‍ ഗാനമാലപിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

മൂന്ന് ദിവസങ്ങള്‍ക്കുമുമ്പ് ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് സെറ്റിലുണ്ടായിരുന്നവരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അപകടം നടന്നത്. ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തന്‍, അച്ഛനമ്മമാര്‍ കുടുംബാംഗങ്ങള്‍, അഭ്യുദേകാംക്ഷികള്‍, ആത്മീയഗുരു എന്നിവരോട് നന്ദിയറിയിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അമീന്‍ തന്നെയാണ് സംഭവത്തേക്കുറിച്ച് അറിയിച്ചത്. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ഈ സമയം വേദിയുടെ ഒത്തനടുക്കായിരുന്നു അമീന്‍ നിന്നിരുന്നത്.

‘ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍, സെക്കന്‍ഡുകള്‍ ഒരല്പം നേരത്തെയാവുകയോ വൈകുകയോ ചെയ്തിരുന്നെങ്കില്‍ മുഴുവന്‍ സാമഗ്രികളും ഞങ്ങളുടെ തലയില്‍ പതിച്ചേനേ. സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരാവാന്‍ എനിക്കും ടീമിനും ഇതുവരെ സാധിച്ചിട്ടില്ല.’ അമീന്റെ വാക്കുകള്‍.

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് അമീന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിതാവുകൂടിയായ എ.ആര്‍. റഹ്മാന്‍ തന്നെയായിരുന്നു സംഗീതസംവിധാനം. നിര്‍മലാ കോണ്‍വെന്റ്, സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്, 2.0, ദില്‍ ബേച്ചാരാ, ഗലാട്ടാ കല്യാണം എന്നീ ചിത്രങ്ങളിലും അമീന്‍ ഗാനങ്ങളാലപിച്ചു.
ENTERTAINMENT DESK YOUTALK

Leave a Reply

Your email address will not be published. Required fields are marked *