മലയാള സിനിമാ യാത്രയില്‍ പ്രേക്ഷകര്‍ മറക്കാത്ത 10 കഥാപാത്രങ്ങള്‍

കൊച്ചി: ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന മലയാള സിനിമാ യാത്രയില്‍ പ്രേക്ഷകര്‍ മറക്കാത്ത 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് പേര്‍ വോട്ട് ചെയ്ത ‘മറക്കില്ലൊരിക്കലും’ ഗ്ലോബല്‍ ഡിജിറ്റല്‍ ഇവന്റില്‍ ആണ് പ്രഖ്യാപനം. കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളെയാണ് കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചത്.

സംവിധായകരായ സിബി മലയില്‍, സിദ്ദിഖ്, സിദ്ധാര്‍ഥ് ഭരതന്‍, ജിയോ ബേബി, തരുണ്‍ മൂര്‍ത്തി, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലോഹിതദാസിന്റെ മകന്‍ വിജയശങ്കര്‍ ലോഹിതദാസ്, പത്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

സമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരാണ് ആദ്യഘട്ടത്തില്‍ പതിനായിരത്തിലേറെ കഥാപാത്രങ്ങളില്‍ നിന്നും അഞ്ഞൂറോളം ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. പിന്നീട് നടന്ന ഡിജിറ്റല്‍ വോട്ടെടുപ്പില്‍ ലക്ഷത്തിലേറെ പേര്‍ ഇഷ്ട കഥാപാത്രങ്ങള്‍ക്കായി വോട്ട് രേഖപ്പെടുത്തി. 500ലേറെ ഇഷ്ട കഥാപാത്രങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് നേടിയ 60 കഥാപാത്രങ്ങളിലേക്ക് ആദ്യ ഘട്ടത്തിലും, രണ്ടാം ഘട്ടത്തില്‍ 25ലേക്കും പട്ടിക ചുരുങ്ങി. ഫൈനലിലെ പോരാട്ടത്തില്‍ 25 കഥാപാത്രങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളില്‍ എത്തുകയായിരുന്നു.

തെരഞ്ഞെടുത്ത പത്ത് കഥാപാത്രങ്ങള്‍

അമരത്തിലെ മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടി, കിരീടത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ ,മണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ച ഗംഗ, തനിയാവര്‍ത്തനത്തിലെ മമ്മൂട്ടി അവതരിപ്പിച്ച ബാലന്‍ മാഷ്. കിലുക്കത്തിലെ ജഗതി അവതരിപ്പിച്ച നിശ്ചല്‍, സദയത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സത്യനാഥന്‍, മൂന്നാം പക്കത്തില്‍ തിലകന്‍ അവതരിപ്പിച്ച തമ്പി, തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രസാദ്, കന്മദത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനുമതി, സ്വര്‍ഗ്ഗത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കുട്ടന്‍ തമ്പുരാന്‍ ഇവരാണ് 10 കഥാപാത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *