രാസ ലഹരി പ്രമേയവുമായി ഒമർ ലുലു ചിത്രമെത്തുന്നു ; നല്ല സമയം ഷക്കീലയും ലഹരിയും ചേർന്ന ഒമറിന്റെ ആദ്യ എ സർട്ടിഫിക്കറ്റ് ചിത്രം

കോഴിക്കോട്: രാസലഹരിയ്ക്കും മയക്കുമരുന്നിനും എതിരായ കാംപയിൻ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നതിനിടെ രാസ ലഹരിയുടെ ഉപയോഗവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും പ്രമേയമായി വരുന്ന ഒമർ ലുലു ചിത്രം നല്ല സമയത്തിന്റെ ട്രയിലർ പുറത്തിറങ്ങി. കേരളത്തിന്റ സാംസ്‌കാരിക തലസ്ഥാനമായ തൃശുർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ബാംഗ്ലൂരിൽ അടിച്ചു പൊളിച്ചു നടക്കുന്ന നാലു പെൺകുട്ടികൾ ട്രിപ്പിനായി എത്തുന്നതും യാത്രയിലുണ്ടാകുന്ന കണ്ടുമുട്ടലുകളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഇന്ന് കൂടുതലായും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ലഹരിയുടെ ഉപയോഗം. സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം വലിയൊരു വിഭാഗം തന്നെ ലഹരിക്ക് പിടിയിലാണ്. ഇതിനിടെയാണ് രാസലഹരിയുടെ ഉപയോഗവും ഇതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളും ചർച്ച ചെയ്യുന്ന ചിത്രം പുറത്തിറങ്ങുന്നത്. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാർ ലവ് , ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം.

ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ആദ്യ ‘എ’ സർട്ടിഫിക്കറ്റിലുള്ള ചിത്രംകൂടിയാണിത്. ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാർ. ഇവർക്കു പുറമേ വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേ സമയം , ചിത്രത്തിന്റെ ട്രൈലർ ലോഞ്ച് കഴിഞ്ഞ ദിവസം കോഴിക്കോട് പ്രമുഖ മാളിൽ വച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. പക്ഷെ ട്രെയിലർ ലോഞ്ച് ചെയ്യാൻ വന്ന അതിഥി പ്രശസ്ത താരം ഷക്കീല ആണെന്ന കാരണം കൊണ്ട് മാൾ മാനേജ്‌മെന്റ് പ്രോഗ്രാം നടത്താൻ പറ്റില്ല എന്നും പറഞ്ഞിരുന്നു. ഷക്കീല ഇല്ലാതെ പ്രോഗ്രാം വേണ്ട എന്ന് പറഞ്ഞ സംവിധായകൻ ഒമർ ലുലു കോഴിക്കോട് മാളിൽ വച്ച പരിപാടി മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു. വലിയ പ്രതിഷേധങ്ങൾക്കു ശേഷം ട്രയിലർ പുറത്തിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ട്രയിലറിനെ സപ്പോർട്ട് ചെയ്തുകൊണ്ട് നിരവധി കമന്റെുകളുമുണ്ട്. താനൊരുക്കുന്ന ചിത്രങ്ങളിലെല്ലാം തന്നെ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒമർ ലുലുവിന്റെ നല്ല സമയത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നവംബർ 25 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *