ബ്രഹ്‌മപുരം തീപിടിത്തത്തിൽ ജനരോഷം ഉയർന്നതിന് പിന്നിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകരും

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിൽ ജനരോഷം ഉയർന്നതിന് പിന്നിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകരും. കൊച്ചിയിലെ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചിയും നമ്മുടെ മനസ്സും നീറി പുകയുകയാണെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ബ്രഹ്‌മപുരം തീപിടിത്തത്തിലെ സങ്കടം പങ്കുവെച്ചത്.

തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട് അറിയിക്കുന്നതായും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാമെന്നും മഞ്ജു കുറിപ്പിൽ പറഞ്ഞു. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണഞ്ഞ് കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യർ പ്രത്യാശ പ്രകടിപ്പിച്ചു.

ബ്രഹ്‌മപുരം തീപിടിത്തത്തിൽ നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, രമേഷ് പിഷാരടി, വിനയ് ഫോർട്ട്, സംവിധായകൻ മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ബിജിബാൽ, ഛായാഗ്രഹകൻ ഷാംദത്ത് സെയ്‌നൂദ്ദീൻ, നിർമാതാക്കളായ വിജയ് ബാബു, ഷിജു ജി സുശീലൻ എന്നിവർ പ്രതികരണം അറിയിച്ചിരുന്നു.

അതെ സമയം ബ്രഹ്‌മപുരം തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 799 പേർ ചികിത്സ തേടിയതായും 17 പേരെ കിടത്തി ചികിത്സിച്ചതായും മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഐ.എം.എ, സ്വകാര്യ ആശുപത്രിയുൾപ്പെടെയുള്ളവയുടെ സഹകരണം ആരോഗ്യവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയിൽ പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *