പ്രേക്ഷകരുടെ വിമർശനങ്ങൾ ഗുണം ചെയ്യുന്നു, വിനീത് ശ്രീനിവാസൻ

സിനിമയുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ വിമർശനങ്ങൾ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നു വിനീത് ശ്രീനിവാസൻ. മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്ന വിനീത്.

ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്നും സോഷ്യൽ മീഡിയയിലെ ചർച്ചകൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ അത്തരം ചർച്ചകൾ ഒരുപാട് സഹായിക്കാറുണ്ടെന്നും കൂട്ടിചേർത്തു. തന്റെ ഹൃദയം എന്ന ചിത്രത്തിന്റെ ചില വിമർശനങ്ങൾ കണ്ടപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം ശരിയാണല്ലോ എന്നാണു തോന്നിയത്.

ഓർക്കുട്ട് സജീവമായ സമയത്ത് ഇറങ്ങിയ മലർവാടി എന്ന സിനിമയുമായി ബന്ധപ്പെട്ടും ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നത് കൊണ്ട് ഇങ്ങനെ ഒരു ഓഡിയൻസ് കൂടി ഉണ്ട് എന്ന ഓർമ മനസ്സിൽ വച്ചുകൊണ്ടു മുന്നോട്ടുപോകാൻ അത് സഹായിച്ചതും വിനീത് എടുത്തുപറഞ്ഞു . ചില കഥാപാത്രങ്ങൾ സൃഷ്ടിക്കുമ്പോൾ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാൻ ഇത്തരത്തിലുള്ള വിമർശനങ്ങൾ സഹായിച്ചിട്ടുമുണ്ട്. സിനിമ ഇറങ്ങുന്ന സമയത്ത് മോശം റിവ്യൂ കാണുമ്പൊൾ വിഷമം തോന്നുമെങ്കിലും മുന്നോട്ടുള്ള പാതയിൽ അത് ഗുണം ചെയ്യുകയേ ഉള്ളൂ, കാശ് കൊടുത്ത് സിനിമയ്ക്ക് പോകുന്ന ആളുകൾക്ക് വിമർശിക്കാം. ഓരോ ആളുകൾക്കും ഇക്കാര്യത്തിൽ ഓരോ കാഴ്ചപ്പാടുണ്ടാകും. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും വിനീത് ശ്രീനിവാസൻ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *