ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വീണ്ടും എത്തുന്നു

ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വീണ്ടും എത്തുന്നു .14 വർഷങ്ങൾക്കു ശേഷമാണ് ലാൽകൃഷ്ണനായി സുരേഷ് ഗോപി വീണ്ടും എത്തുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രത്തിൻ്റെ പോസ്റ്റർ ഷാജി കൈലാസ് പങ്കുവച്ചത്.

സുരേഷ് ഗോപിയുടേതായി വരാൻ ഇരിക്കുന്ന ചിത്രങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ചിന്താമണി കൊലക്കേസ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ആലോചന അണിയറയില്‍ നടക്കുന്നതായി ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. ചിത്രത്തിന്‍റെ ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് ഉറപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ മുന്നോട്ടാണ് എന്ന കുറിപ്പിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്‍റെ ഒരു ആദ്യ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എല്‍കെ എന്ന് മാത്രമാണ് ചിത്രത്തിന്‍റെ ടൈറ്റിലായി പോസ്റ്ററില്‍ ഉള്ളത്. ലൈബ്രറിയില്‍ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ മുഖം തെളിയുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍. വലിയ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. എല്‍കെ എന്ന അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *