‘കാപ്പ’ റിവ്യൂവുമായി ജോർജി

യൂ ടോക്കിൻ്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് ഏവർക്കും സ്വാഗതം. തിരിച്ചുവരവിൽ സജീവമാകുന്ന ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ, ജി. ആർ ഇന്ദുഗോപൻ്റെ തിരക്കഥയിൽ ഒരുങ്ങിയ ‘കാപ്പ’ എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളുമായാണ് ഇന്നെത്തിരിക്കുന്നത്. പ്രഥ്വീരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ജഗദീഷ്, ദിലീഷ് പോത്തൻ, നന്ദു എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

തിരുവനന്തപുരത്തിൻ്റെ കുറ്റകൃത്യങ്ങളുടെ അകത്തളങ്ങളിലൂടെ ആരംഭിക്കുന്ന ചിത്രത്തിൽ ഉദ്വേഗം നിറച്ചു തന്നെയാണ് കഥയാരംഭിക്കുന്നത്. നന്ദുവിൻ്റെ കഥാപാത്രത്തിലൂടെ അനാവൃതമാകുന്ന നഗരത്തിലെ കുറ്റവാളികളും അവരെ ഉൾക്കൊള്ളുന്ന ‘കാപ്പ’ ലിസ്റ്റും, രണ്ട് ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ വിവരണം നൽകുന്നു. ‘കാപ്പ’ പറഞ്ഞു വെയ്ക്കുന്ന ഭൂമികയെ സത്ത ഒട്ടും ചോരാതെ അവതരിപ്പിക്കുന്നതിൽ ഷാജി കൈലാസ് വിജയിച്ചിട്ടുണ്ട്. പ്രമേയത്തിന് അനുസൃതമായി മുന്നേറുന്ന സിനിമയെ മികവോടെ അദ്ദേഹം ദൃശ്യവൽക്കരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിൻ്റെ വാ വഴക്കങ്ങളെ മനോഹാരിത ഒട്ടും ചോരാതെ ജി. ആർ ഇന്ദുഗോപൻ തിരക്കഥയായി ഒരുക്കിട്ടുണ്ട്. തലസ്ഥാനത്തിൻ്റെ ദിനവൃത്താന്തങ്ങളെ ഹിംസയിൽ ചാലിച്ച് കാട്ടിയപ്പോൾ അത് യാഥാർഥ്യത്തോട് മികവോടെ ചേർന്നു നിന്നു. ജോമോൻ ടി ജോണിൻ്റെ ഛായാഗ്രഹണം ആ സാഹചര്യങ്ങളെ ഭംഗിയായി ഒപ്പിയെടുക്കുന്നുമുണ്ട്. വേഗത്തിൽ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ തെല്ലും ശ്രദ്ധ തിരിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഷമീർ മുഹമ്മദിൻ്റെ ചിത്രസംയോജനം എടുത്തു പറയേണ്ടതാണ്. ഡോൺ വിൻസെൻ്റിൻ്റെ പശ്ചാതല സംഗീതം രംഗങ്ങൾക്ക് മിഴിവേകുന്നു.

പ്രകടനങ്ങളിലേക്ക് വരുമ്പോൾ ‘കൊട്ട മധു ‘ വായി വിരാജിച്ച പ്രഥീ രാജിൻ്റെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്. വേഷത്തിലും ഭാവത്തിലും ശബ്ദത്തിൻ്റെ ആഴത്തിലുള്ള പ്രയോഗത്തിലും പ്രഥ്വീരാജ് മികച്ചു നിന്നു. ആക്ഷൻ രംഗങ്ങൾ നന്നായി വന്നിട്ടുണ്ട്. ജബ്ബാറായി വന്ന ജഗദീഷും കഥാപുരോഗതിയിൽ ശക്തിയാർജ്ജിക്കുന്ന ദിലീഷ് പോത്തൻ്റെ ലത്തീഫും സ്വാഭാവിക പ്രകടനങ്ങൾ കൊണ്ട് ഞെട്ടിക്കുന്നു. ഭാഷയെ നൈസർഗികമായി കൈകാര്യം ചെയ്യുന്നതിൽ എല്ലാ അഭിനേതാക്കളും വിജയിച്ചിട്ടുണ്ട്.

തൃപ്തികരമായ interval bloc – ൽ നിന്ന് സിനിമ മുന്നോട്ട് നീങ്ങുമ്പോൾ പ്രേക്ഷകനും പ്രതീക്ഷകൾ ഇരട്ടിയായി നിന്നു. കാലത്തിൻ്റെ കാവ്യനീതിയെന്നോ ചെയ്തികളുടെ ചക്രം തിരിഞ്ഞു വരുന്നതായോ കാണാവുന്ന ക്ലൈമാക്സിനെ ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന് തോന്നി. വിശാലമായ, ഒരു തുറന്ന അവസാനം മുന്നോട്ട് വെയ്ക്കുന്ന സിനിമ, എഴുത്തുകാരൻ്റെ തിരഞ്ഞെടുപ്പായും സംവിധായകൻ്റെ അതിനോടുള്ള ചേർന്നുനിൽപ്പുമായി പരിഗണിക്കാവുമ്പോഴും അപൂർണമായ ഒരവസാനമായി അനുഭവപ്പെട്ടു. എങ്കിലും മുഖ്യധാരാ – കച്ചവട – സിനിമകളിലെ പരിഗണനകളെ വായിക്കുമ്പോൾ, സ്വാഗതാർഹമായ ഒരു മാറി നടത്തം തന്നെയാണ് ‘ കാപ്പ’ ഒടുവിൽ പറഞ്ഞു നിർത്തുന്നത്. തീർച്ചയായും രസചരട് പൊട്ടാതെ കാണാവുന്ന ചിത്രമാണ് ‘ കാപ്പ’ . ചിത്രത്തിന് Youtalk നൽകുന്ന റേറ്റിംഗ് 3/5. അടുത്ത ഒരു കാണുന്നത് വരെ, നന്ദി.

Leave a Reply

Your email address will not be published. Required fields are marked *