ഗോള്‍ വിവാദം ആളിക്കത്തിച്ച് ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു

    ചിലര്‍ ചിരിച്ചു. ചിലര്‍ കരഞ്ഞു.ഭൂരിപക്ഷം പേരും നിശ്ശബ്ദരായി'... ഐഎസ്എല്‍ 10ാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ രണ്ടാം മത്സരത്തിനു മുന്‍പായി ബെംഗളൂരു എഫ്‌സി ഒരുക്കിയ റീലില്‍ നിറയുന്നതു മുന്‍ സീസണ്‍ പ്ലേ ഓഫ് മത്സരത്തിലെ 'കലിക്കഥ'യാണ്......

ചിലര്‍ ചിരിച്ചു.ചിലര്‍ കരഞ്ഞു.ഭൂരിപക്ഷം പേരും നിശ്ശബ്ദരായി’.ഐഎസ്എല്‍ 10ാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ രണ്ടാം മത്സരത്തിനു മുന്‍പായി ബെംഗളൂരു എഫ്‌സി ഒരുക്കിയ റീലില്‍ നിറയുന്നതു മുന്‍ സീസണ്‍ പ്ലേ ഓഫ് മത്സരത്തിലെ ‘കലിക്കഥ’യാണ്.അതിനു ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി ഇങ്ങനെ ‘നിലയും വിലയും സൂത്രത്തില്‍ ഉണ്ടാക്കുകയല്ല, സ്വയം ഉണ്ടാകണമെന്ന’ മമ്മൂട്ടിയുടെ കനപ്പെട്ട ഡയലോഗിന്റെ മുന വച്ച വിഡിയോ.നാളെ ബെംഗളൂരുവില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി ഐഎസ്എല്‍ മത്സരത്തിനു മുന്‍പു സമൂഹമാധ്യമങ്ങളില്‍ പോരാട്ടം തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3നായിരുന്നു സംഭവം.

ഐഎസ്എല്‍ പ്ലേ ഓഫ് എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 96ാം മിനിറ്റില്‍ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദമായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒരുങ്ങുന്നതിനു മുന്‍പേ ഛേത്രി ഫ്രീകിക്കെടുത്ത് പന്ത് വലയിലെത്തിച്ചു. റഫറി ക്രിസ്റ്റല്‍ ജോണ്‍സ് ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് കളിക്കാരെ തിരികെ വിളിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളം വിട്ടു.ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും മത്സരവിലക്കും പിഴയും ഉള്‍പ്പെടെ അച്ചടക്കനടപടികള്‍ ബ്ലാസ്റ്റേഴ്‌സ് ടീം നേരിടുകയും ചെയ്തു.ബ്ലാസ്റ്റേഴ്‌സിനെ ചൊടിപ്പിച്ച വിവാദ ഗോളിന്റെ ദൃശ്യങ്ങളാണു ബംഗളൂരു എഫ്‌സി സമൂഹമാധ്യമങ്ങളില്‍ കിക്കോഫിനു മുന്നോടിയായി പങ്കുവച്ചിട്ടുള്ളത്.

അന്നത്തെ മത്സരത്തിനു ശേഷം കോച്ച് ഇവാന്‍ ആദ്യമായാണു ബെംഗളൂരുവിനെ നേരിടാനെത്തുന്നത്.ഈ സീസണില്‍ സൂപ്പര്‍ കപ്പിലും ഐഎസ്എല്‍ ആദ്യ പോരാട്ടത്തിലും ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ കളിച്ചെങ്കിലും വിലക്കു കാരണം ഇവാനു മത്സരം നഷ്ടമായിരുന്നു.എഫ്‌സി ഗോവയ്‌ക്കെതിരെ കഴിഞ്ഞ കളിയില്‍ നേടിയ അദ്ഭുത വിജയം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു ബെംഗളൂരുവിലേക്കു കുതിക്കാനുള്ള ഇന്ധനമായി മാറിയിട്ടുണ്ട്. മഞ്ഞപ്പടയുടെ അയ്യായിരത്തിലേറെ ട്രാവലിങ് ഫാന്‍സ് നാളെ കളി കാണാനെത്തുമെന്നാണു കണക്കുകൂട്ടല്‍. നോര്‍ത്ത് അപ്പര്‍, നോര്‍ത്ത് ലോവര്‍, സൗത്ത് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാത്രമാകും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇരിപ്പിടം.

അതോടെപ്പം അടുത്ത സീസണിലേക്കുള്ള പുതിയ താരങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം സജീവമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്. അക്കാഡമി താരങ്ങളില്‍ അര്‍ഹതയുള്ളവരെ മാത്രമേ സീനിയര്‍ ടീമിലേക്ക് പരിഗണിച്ചിട്ടുള്ളൂ എന്നും കരോലിസ് പറഞ്ഞു. തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെയാണ് 2020 മാര്‍ച്ചില്‍ കരോലിസ് സ്‌കിന്‍കിസ് സ്പോര്‍ടിംഗ് ഡയറക്ടറായി എത്തുന്നത്.തൊട്ടടുത്ത സീസണില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെ ക്ലബ്ബിലെത്തിച്ച നീക്കം ഫലം കണ്ടെങ്കിലും വിദേശതാരങ്ങളുടെ വരവില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നു.

പ്രധാന താരങ്ങളുടെ പരിക്ക് വലച്ച ഐഎസ്എല്‍ പത്താം സീസണ്‍ അവസാനിക്കും മുന്‍പ് തന്നെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു സ്‌കിന്‍കിസ്. അക്കാഡമി താരങ്ങളില്‍ പലരും ഐഎസ്എല്ലില്‍ വളരെ വേഗം ചുവടുറപ്പിച്ചത് അഭിമാനകരമാണെന്നും എന്നാല്‍ അക്കാഡമി താരങ്ങള്‍ എന്ന ഒറ്റക്കാരണത്താല്‍ ഐഎസ്എല്ലിലേക്ക് ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ലെന്നും സ്‌കിന്‍കിസ് വ്യക്തമാക്കി.പുതുവര്‍ഷത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് കാരണം അറിയാമെന്നും പരിശീലകനോട് പ്രൊഫഷണലായി പറയേണ്ട കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സ്‌കിന്‍കിസ് വ്യക്തകാക്കി. അതേസമയം, പുതിയ ഗോള്‍ കീപ്പറെ അന്വേഷിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

പരിക്കേറ്റ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ ഗോളിയെ അന്വേഷിക്കുന്നത്.ഹൈദരാബാദ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ഗുര്‍മീത് സിംഗിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാല് ക്ലബ്ബുകള്‍ രംഗത്തുണ്ട്. എന്നാല്‍ ദീര്‍ഘകാല കരാര്‍ വാഗ്ദാനം ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല ഹൈദരാബാദ് എഫ്‌സിയിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഗുര്‍മീത് സിംഗ് മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. വേതനം മുടങ്ങിയത് അടക്കം ചൂണ്ടിക്കാട്ടി ഗുര്‍മീത് നല്‍കിയ അപേക്ഷയില്‍ എഐഐഎഫ് സമിതി ഈ ആഴ്ച്ച തീരുമാനം എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *