പടയ്ക്കൊരുങ്ങി മൈറ്റി ഓസീസ്

    T20 ലോകകപ്പിന് അരയും തലയും മുറുക്കി കങ്കാരുപ്പട. കിരീടം നിലനിർത്താൻ സ്വന്തം നാട്ടിൽ ആരോണ്‍ ഫിഞ്ചിന്റെ ടീം. കഴിഞ്ഞ ലോകകപ്പിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെ ഇക്കുറിയും ടീം പ്രഖ്യാപനം.

ഓസ്ട്രേലിയ- കഴിഞ്ഞ 4 പതിറ്റാണ്ടിലും ലോകകപ്പ് നേടിയ ടീം. ലോക ക്രിക്കറ്റിലെ അതികായരെ ഇതിലുമേറെ എങ്ങനെ വിശേഷിപ്പിക്കാൻ. ക്രിക്കറ്റിൽ മറ്റ് ടീമുകൾക്ക് അവകാശം ഉന്നയിക്കുന്നത് പോയിട്ട് സ്വപ്നം കാണാൻ പോലുമാകാത്ത നേട്ടത്തിന് ഉടമകളാണ് ഓസ്ട്രേലിയ. ഏകദിനത്തിലെ രാജാക്കന്മാരാണെങ്കിലും T20 യിൽ കിരീടമില്ലെന്നതായിരുന്നു ഓസീസിന്റെ പ്രധാന പോരായ്മ. എന്നാൽ കഴിഞ്ഞ വർഷം ചാമ്പ്യൻമാരായതോടെ T20 യിലെ കിരീട വരൾച്ചയ്ക്കും അവർ വിരാമമിട്ടു. ഏത് പ്രതികൂല സാഹചര്യത്തിലും സാധ്യതയുടെ ചെറിയ കണികയെങ്കിലും കണ്ടാൽ അത് തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതാണ് ഓസ്ട്രേലിയയെ മൈറ്റി ഓസീസ് ആക്കുന്നത്. അവസാന പന്ത് എറിയുന്നത് വരെ ഒരു കളിയും തോൽക്കുന്നില്ല എന്ന തത്വം അവർ നടപ്പാക്കുമ്പോൾ ആ ഓസ്ട്രേലിയനിസത്തിന്  മുന്നിൽ അസൂയയോടെ നോക്കി നിൽക്കാൻ മാത്രമേ എതിരാളികൾക്ക് കഴിയുന്നുള്ളൂ. ഇനി ഓസീസിന്റെ ലോകകപ്പ് സ്ക്വാഡ് നോക്കാം. കഴിഞ്ഞ ലോകകപ്പിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് അവർ ഇക്കുറിയും ടീം പ്രഖ്യാപിച്ചത്.

ആരോൺ ഫിഞ്ച്, പാറ്റ് കമ്മിൻസ്, ആഷ്ടൺ ആ​ഗർ, ടിം ഡേവിഡ്, ജോഷ് ഹെസൽവുഡ്, ജോഷ് ഇം​ഗ്ലിസ്, മിച്ചൽ മാർഷ്, ​ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയ്നിസ്, മാത്യു വേഡ്, ഡേവിഡ് വാർണർ, ആദം സാംപ

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്നുണ്ടായ നാണക്കേടിന്റെയും തുടർത്തോൽവികളുടേയും പടുകുഴിയിൽ  നിന്നാണ് 2021 T20 ലോകകപ്പിന്റെ നെറുകയിലേക്ക് അവർ നടന്ന് കയറിയത്. ഇത്തവണ അവർക്ക് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം മറ്റൊരു കൈയ്യിലേക്ക് പോകാതെ നോക്കുക എന്ന ജോലി മാത്രം. ഓസ്ട്രേലിയ ഫൈനലിൽ എത്തിയാൽ എതിർ ടീം പകുതി തോറ്റു എന്ന ചൊല്ലിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ആ പാരമ്പര്യമാണ് അവരുടെ കരുത്ത്. കളത്തിനകത്തും പുറത്തും ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന ടീമാണ് ഓസ്ട്രേലിയ. അപ്പോഴും ജയത്തിലേക്ക് മാത്രം ബാറ്റ് വീശുന്ന അവരുടെ പോരാട്ട വീര്യത്തെ ബഹുമാനിക്കാതിരിക്കാൻ കായികപ്രേമികൾക്ക് കഴിയില്ല. ഒരു കാലത്ത് റിക്കി പോണ്ടിംഗിന്റെ ഓസ്ട്രേലിയ എന്തായിരുന്നോ അത് തന്നെയാണ് ആരോൺ ഫിഞ്ചിന്റെ ഓസ്ട്രേലിയയും. അവർക്കെതിരെ ഇറങ്ങുമ്പോൾ അവരുടെ ആപ്തവാക്യം എപ്പോഴും ഓർമയുണ്ടായിരിക്കണം : ഫൈനലുകൾ കളിക്കാനുള്ളതല്ല, ജയിക്കാനുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *