സ്വിറ്റ്‌സർലൻഡിനെ മുട്ടുകുത്തിച്ച് പറങ്കിപട

ദോഹ:സ്വിറ്റ്‌സർലൻഡിനെ മുട്ടുകുത്തിച്ച് പറങ്കിപട. ഒന്നിനെതിരെ ആറുഗോളു നേടി പോർച്ചുഗൽ ക്വാർട്ടറിൽ. ഹാട്രിക്ക് നേടി വരവറിയിച്ച് ഗോൺസാലോ റാമോസ്.

ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ഗോളുകളടിച്ച് പോർച്ചുഗൽ ക്വാർട്ടറിലെത്തി. പോർച്ചുഗലിനായി ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ഗുറേറോ, റാഫേൽ ലിയോ എന്നിവരും ഗോൾ വലയിൽ ലക്ഷ്യം കണ്ടു. സ്വിറ്റ്‌സർലൻഡിന്റെ ആശ്വാസ ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു.

മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലിന്റെ എതിരാളികൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്‌സർലൻഡിൽ നിന്നും ചില മുന്നേറ്റങ്ങൾ ആദ്യ നിമിഷങ്ങളിലുണ്ടായി. അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റിൽ പോർച്ചുഗൽ ആദ്യ ഗോൾ നേടി. ത്രോയിൽ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്‌സ് ബോക്‌സിനുള്ളിൽ ഉണ്ടായിരുന്ന ഗോൺസാലോ റാമോസിലേക്ക് കൈമാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനാകാൻ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു റാമോസ് തന്റെ സുന്ദരമായ ഗോളിലൂടെ. ബ്രൂണോ എടുത്ത കോർണർ ബോക്‌സിന്റെ നടുവിലേക്ക് എത്തുമ്പോൾ പെപ്പെയെ ഒന്ന് മുട്ടാൻ തന്നെ ധൈര്യമുണ്ടായിരുന്നവർ സ്വിസ് നിരയിൽ ബാക്കിയുണ്ടായിരുന്നില്ല.പ്രായത്തെ പോരാട്ടം കൊണ്ട് തോൽപ്പിച്ച പെപ്പെയുടെ പവർ ഹെഡ്ഡറിന് സോമറിനും മറുപടി നൽകാൻ സാധിക്കാതിരുന്നതോടെ പോർച്ചുഗൽ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി.42-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഒരിക്കൽ കൂടെ പോർച്ചുഗീസുകാർ സ്വിസ് ബോക്‌സിൽ പരിഭ്രാന്തിയുണ്ടാക്കി. റാമോസിന്റെ ഷോട്ട് സോമർ ഒരുവിധം തടുത്തു. രണ്ടാം പകുതിയിലും ആവേശം ഒട്ടും ചോരാതെ തന്നെ 50-ാം മിനിറ്റിൽ പറങ്കിപ്പട മൂന്നാം ഗോളും നേടി. ഒരു സെന്റർ ഫോർവേഡിന് ആവശ്യമായ പ്രതിഭ പൂർണമായി തന്നിലുണ്ടെന്ന് റാമോസ് വീണ്ടും തെളിയിക്കുകയായിരുന്നു.

തോൽവി മുന്നിലെത്തിയതോടെ സ്വിറ്റ്‌സർലൻഡിന്റെ പ്രതിരോധ ഘടന പൂർണമായി തകർന്നു. ഇത് മനസിലാക്കി കുതിച്ച് കയറിയ പോർച്ചുഗൽ ഒരിക്കൽ കൂടി സോമറെ കീഴടക്കി. കൗണ്ടർ അറ്റാക്കിൽ റാമോസിന്റെ പാസ് കിട്ടി കയറിപ്പോയ റാഫേൽ ഗുറേറോ ആണ് ഇത്തവണ ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ പേര് എഴുതി ചേർത്തത്. 59-ാം മിനിറ്റിൽ അക്കാഞ്ചിയിലൂടെ പ്രതീക്ഷയുടെ ഒരു തിരിനാളം സ്വിറ്റ്‌സർലൻഡിന് മുന്നിൽ തെളിഞ്ഞു. കോർണർ പ്രതിരോധിക്കുന്നതിനിടെ പോർച്ചുഗലിന് സംഭവിച്ച അബദ്ധത്തിൽ നിന്നായിരുന്നു ഗോൾ. ഒരു ഗോൾ വന്നതോടെ സ്വിറ്റ്‌സർലൻഡ് ഒന്ന് ഉണർന്നെങ്കിലും സമയം അവർക്ക് മുന്നിൽ വലിയ തടസമായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. സോമറിനെ വെറും നിസാരമാക്കി കൊണ്ട് റാമോസ് തന്റെ ഹാട്രിക്ക് കുറിച്ചു. 74-ാം മിനിറ്റിൽ ജോ ഫെലിക്‌സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. തൊട്ട് പിന്നാലെ ലഭിച്ച ഫ്രീക്കിക്ക് റോണോ എടുത്തെങ്കിലും സ്വിസ് മതിൽ കടന്നില്ല. ഇഞ്ചുറി ടൈമിൽ റാഫേൽ ലിയോയിലൂടെ ഒരു ഗോൾ കൂടെ നേടി പോർച്ചുഗൽ ആഘോഷമാക്കി.

Leave a Reply

Your email address will not be published. Required fields are marked *