സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസണിൽ തമിഴ് സിനിമാ താരങ്ങളുടെ ടീമായചെന്നൈ റൈനോസിന് സിസിഎല്ലിൽ തകർപ്പൻ വിജയം

ചെന്നൈ റൈനോസിന് സിസിഎല്ലിൽ തകർപ്പൻ വിജയം. 10 വിക്കറ്റിലാണ് മുംബൈ ഹീറോസിനെ ചെന്നൈ റൈനോസിനെ കീഴടക്കിയത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസണിൽ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് മിന്നും തുടക്കം. എതിരാളികളും സിസിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരുമായ ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് മുംബൈ ഹീറോസിനെ 10 വിക്കറ്റിലാണ് അവർ തകർത്തുവിട്ടത്. 7 ഓവർ അവശേഷിക്കെയാണ് ആര്യ നായകനായ ചെന്നൈ റൈനോസിൻറെ വിജയം.

10 ഓവർ വീതമുള്ള രണ്ട് സ്പെല്ലുകൾ ഓരോ ടീമിനും ലഭിക്കുന്ന തരത്തിൽ നാല് ഇന്നിംഗ്സുകളായി പുതുമയോടെയാണ് ഇത്തവണത്തെ സിസിഎൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത മുംബൈ ഹീറോസിനെതിരെ ചെന്നൈ ആദ്യ ഇന്നിംഗ്സിൽ 10 ഓവറിൽ 150 റൺസ് എന്ന മികച്ച സ്കോർ ആണ് നേടിയത്. വിക്കറ്റൊന്നും പോകാതെയാണ് ഇത് എന്നതാണ് കൌതുകം. ഓപണർമാരായ വിക്രാന്തും രമണയും തകർത്തടിച്ചതോടെ മുംബൈ സമ്മർദ്ദത്തിലായി.

ഇതിന് മറുപടിയായി തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 94 റൺസ് എടുക്കാനേ മുംബൈക്ക് കഴിഞ്ഞുള്ളൂ. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 94 അടിച്ചത്. 56 റൺസ് പിന്നിൽ നിന്ന മുംബൈക്ക് രണ്ടാം ഇന്നിംഗ്സിലും സ്കോർ ബോർഡിൽ കാര്യമായൊന്നും കൂട്ടിച്ചേർക്കാനായില്ല. 5 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് ആണ് അവരുടെ രണ്ടാം ഇന്നിംഗ്സ് സ്കോർ. മത്സരം ജയിക്കാൻ 36 റൺസ് മാത്രം വേണ്ടിയിരുന്ന ചെന്നൈ മൂന്നാം ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. 80 റൺസ് എടുത്ത വിക്രാന്ത് ആണ് മാൻ ഓഫ് ദി മാച്ച്. രമണ മികച്ച ബാറ്റർ ആയപ്പോൾ അശോക് സെൽവൻ മികച്ച ബൌളറും ആയി. സിസിഎല്ലിലെ ആദ്യ രണ്ട് സീസണുകളിലെയും ചാമ്പ്യന്മാരാണ് ചെന്നൈ റൈനോസ്.

Tag

Leave a Reply

Your email address will not be published. Required fields are marked *