ശ്രീലങ്ക ഏഷ്യൻ രാജാക്കന്മാർ, പാകിസ്ഥാനെ തകർത്ത് കിരീടം

    ഏഷ്യാകപ്പ് തുടങ്ങുമ്പോൾ ശ്രീലങ്കയ്ക്ക് ആരും കപ്പ് നേടാൻ വിദൂര സാധ്യത പോലും കൽപ്പിച്ചിരുന്നില്ല. എന്നാൽ ഫൈനലിൽ പാകിസ്ഥാനെ 23 റൺസിന് തകർത്ത് ശ്രീലങ്ക ആറാം വട്ടം ഏഷ്യാ കപ്പിൽ മുത്തമിട്ടു. രണ്ടാമത് ബാറ്റ് ചെയ്ത് മാത്രം ജയിക്കുന്നു എന്ന വിമർശനത്തെ കൂടി കാറ്റിൽപ്പറത്തിയാണ് ശ്രീലങ്ക 23 റൺസിനിപ്പുറം പാകിസ്ഥാനെ എറിഞ്ഞിട്ടത്.  

ഏഷ്യാകപ്പ് ശ്രീലങ്കയ്ക്ക് അത്യാവശ്യമായിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയിലും തുടർന്നുള്ള കലാപത്തിലും ആടിയുലഞ്ഞ ഒരു രാജ്യത്തിന് ഉയിർത്തെഴുന്നേൽക്കാൻ ഈ കിരീടം കാരണമാകുമെങ്കിൽ അത് തന്നെയാണ് ക്രിക്കറ്റിന്റെ മഹത്വം. അത്കൊണ്ട് തന്നെ ഇന്നലത്തെ ജയം മുഴുവൻ കായിക ലോകത്തിന്റേതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന എല്ലാ അരക്ഷിതരായ ജനതയുടേതുമാണ്. ഏഷ്യാകപ്പ് തുടങ്ങുമ്പോൾ ശ്രീലങ്കയ്ക്ക് ആരും കപ്പ് നേടാൻ വിദൂര സാധ്യത പോലും കൽപ്പിച്ചിരുന്നില്ല. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എല്ലാ മുൻധാരണകളെയും തിരുത്തി അവർ പൊരുതി. ആ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഫൈനലിൽ പാകിസ്ഥാനെ 23 റൺസിന് തകർത്ത് ശ്രീലങ്ക ആറാം വട്ടം ഏഷ്യാ കപ്പിൽ മുത്തമിട്ടു. രണ്ടാമത് ബാറ്റ് ചെയ്ത് മാത്രം ജയിക്കുന്നു എന്ന വിമർശനത്തെ കൂടി കാറ്റിൽപ്പറത്തിയാണ് ശ്രീലങ്ക 23 റൺസിനിപ്പുറം പാകിസ്ഥാനെ എറിഞ്ഞിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 58 റൺസ് എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ അൽപ്പം പോലും സമ്മർദ്ദം ബാധിക്കാതെ രജപക്സെയും ഹസരംഗയും ചേർന്ന് സ്കോർ പടുത്തുയർത്തി. ഹസരംഗ 36 റൺസെടുത്ത് പുറത്തായെങ്കിലും 71 റൺസുമായി രജപക്സെ പാക് ബോളർമാർക്ക് പിടികൊടുക്കാതെ നിന്നതോടെ 170 എന്ന പൊരുതാവുന്ന ടോട്ടൽ ശ്രീലങ്ക കുറിച്ചു. മറുപടി ബാറ്റിംഗിൽ ഒരു രജപക്സെ ടീമിൽ ഇല്ലാതെ പോയതാണ് പാകിസ്ഥാനെ വീഴ്ത്തിയത്. എല്ലാ നിർണായക ടൂർണമെന്റുകളിലും ഒരു ഫീൽഡിംഗ് പിഴവെങ്കിലും വരുത്താറുള്ള പാകിസ്ഥാൻ ഇന്നലെയും അത് ആവർത്തിച്ചതും അവർക്ക് വിനയായി. റണ്ണൊഴുക്ക് തടഞ്ഞും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയുമാണ് ലങ്ക മത്സരം വരുതിയിലാക്കിയത്. പാകിസ്ഥാൻ ബാറ്റേഴ്സിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ വിജയിച്ചതോടെ പിന്നെ എല്ലാം അവർക്ക് അനുകൂലമായി. 55 റൺസ് നേടിയ മുഹമ്മദ് റിസ്വാനും 32 റൺസ് നേടിയ ഇഫ്തിക്കർ അഹമ്മദും മാത്രമാണ് പാക് നിരയിൽ അൽപ്പമെങ്കിലും പിടിച്ച് നിന്നത്. ഇവർ പുറത്തായതോടെ 2 വിക്കറ്റിന് 93 റൺസ് എന്ന നിലയിൽ നിന്നും 9 വിക്കറ്റിന് 125 റൺസ് എന്ന നിലയിലേക്ക് പാകിസ്ഥാൻ കൂപ്പുകുത്തി. 7 വിക്കറ്റുകൾ വെറും 32 റൺസിനിടെയാണ് പാകിസ്ഥാന് നഷ്ടമായത്. മാൻ ഓഫ് ദ മാച്ച് ആയി രജപക്സയും മാൻ ഓഫ് ദ ടൂർണമെന്റായി ഹസരംഗയും തെരഞ്ഞെടുക്കപ്പെട്ടതോടെ മൊത്തത്തിൽ ശ്രീലങ്കൻ സർവാധിപത്യം.

കിരീടം രാജ്യത്തെ എല്ലാ ജനങ്ങൾക്കും സമർപ്പിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. തന്റെ ടീമിന് ലോകത്തോട് പറയാനുള്ളതെല്ലാം ഈ രണ്ട് വരികളിൽ പറഞ്ഞാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ശനക ട്രോഫി ഏറ്റുവാങ്ങിയത്. ജൂലൈയിൽ കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ ടീമിലെ ചില താരങ്ങളും ഒഫീഷ്യൽസും ഗെയിംസ് വില്ലേജിൽ നിന്ന് കടന്നുകളഞ്ഞത് വാർത്തയായിരുന്നു. അടിമുടി പ്രശ്നബാധിതമായ ഒരു രാജ്യത്ത് നിന്നുള്ള രക്ഷപെടൽ മാത്രമായിരുന്നു അവർക്ക് ഗെയിംസ് വേദി. രണ്ട് മാസത്തിനിപ്പുറം വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്ത അതേ രാജ്യത്തേക്ക് ദസുൻ ശനകയും ടീമും തിരിച്ചെത്തുന്നു. ഏഷ്യയുടെ രാജാക്കന്മാരായി. പ്രിയപ്പെട്ട ശ്രീലങ്ക ക്രിക്കറ്റിലൂടെ നിങ്ങൾ പ്രതീക്ഷയുടെ തിരി നാളം കൊളുത്തിയിരിക്കുന്നു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും അത് കെടാതെ സൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *