ലോകകപ്പ്: ഫ്രാൻസിന് തിരിച്ചടിയായി കരിം ബെൻസിമയുടെ പരിക്ക്

ദോഹ: ഖത്തർ ലോകകപ്പിനായി തയ്യാറെടുക്കുന്ന ഫ്രാൻസ് ടീമിന് തിരിച്ചടി. ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായ കരിം ബെൻസിമ ടൂർണമെന്റിൽ നിന്നും പുറത്തായി.

ഈ സീസണിൽ നിരവധി മത്സരങ്ങളാണ് പരിക്ക് കാരണം കരിം ബെൻസേമയ്ക്ക് നഷ്ടമായിരുന്നത്. ലോകകപ്പിനു മുൻപേ പരിക്ക് ഭേദമായി ഭേദമായി തിരിച്ചു വന്നെങ്കിലും വീണ്ടും ബെൻസേമ പരിക്കേറ്റു പുറത്താവുകയായിരുന്നു. കാലിന്റെ ഇടത്തെ തുടയിൽ സംഭവിച്ച പരിക്കാണ് ബെൻസിമയെ ലോകകപ്പിൽ നിന്ന് പുറത്താക്കിയത്. പരിക്കേറ്റതിനെത്തുടർന്ന് താരം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ആദ്യത്തെ മത്സരത്തിൽ പങ്കെടുക്കില്ലന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പരിശീലനത്തിനിടെ പരിക്കേറ്റ താരം നേരത്തെ മൈതാനം വിടുകയും ചെയ്തു.

അതിന് ശേഷം നടത്തിയ സ്കാനിങ്ങിന് ശേഷമാണ് പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ടൂർണമെന്റ് നഷ്‌ടമാകുമെന്നും കണ്ടെത്തിയത്. ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്നും 37 ഗോളുകൾ കരിം ബെൻസിമ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിച്ച താരം റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരവും ബെൻസിമയ്ക്കായിരുന്നു. സിനദിൻ സിദാനു ശേഷം ഫ്രാൻസിനായി ബാലൺ ഡി ഓർ നേടിയ താരം കൂടിയാണ് ബെൻസിമ. നേരത്തെ പോൾ പോഗ്ബ, എൻഗോളോ കാന്റെ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവർ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ഫ്രാൻസിന് ബെൻസിമയെയും നഷ്‌ടമായിരിക്കുന്നത്. ബെൻസിമയ്ക്ക് പകരക്കാരനായി ആരെത്തുമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *