ലോകകപ്പ്മത്സരത്തിനിടെ വൈദ്യുതി നിലച്ചു, നാണംകെട്ട് ഖത്തർ

ദോഹ: ലോകകപ്പിനിടെ ഖത്തറിന് നാണക്കേടായി സ്റ്റേഡിയത്തിലെ വൈദ്യുതി തടസ്സം. ബ്രസീൽ- സ്വിറ്റ്സർലന്റ് മത്സരത്തിനിടെ അപ്രതീക്ഷിതമായി സ്റ്റേഡിയത്തിലെ ലൈറ്റുകൾ അണഞ്ഞതോടെ മത്സരം അൽപ നേരം നിർത്തിവയ്ക്കേണ്ടി വന്നു.

മികച്ച രീതിയിൽ ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ഇത്തരത്തിൽ സംഭവിച്ചതാണ് ആതിഥേയരായ ഖത്തറിന് നാണക്കേടായത്. നാല്പത്തിനാലാം മിനിറ്റിൽ ബ്രസീൽ ഒരു കോർണർ കിക്ക് എടുക്കാൻ തുടങ്ങുന്ന സമയത്താണ് സ്റ്റേഡിയത്തിലെ ലൈറ്റുകൾ മുഴുവനായും അണഞ്ഞത്. ഏതാനും സെക്കൻഡുകളുടെ ഉള്ളിൽ പ്രശ്‌നം പരിഹരിക്കപ്പെടുകയും സ്റ്റേഡിയത്തിലെ വെളിച്ചം തിരിച്ചു വരികയും ചെയ്‌തതോടെ മത്സരം പുനരാരംഭിക്കുകയായിരുന്നു.

ബ്രസീൽ എടുത്ത കോർണർ സ്വിസ് പ്രതിരോധം തടഞ്ഞു. ലോകകപ്പിന്റ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ സ്റ്റേഡിയത്തിലെ മുഴുവൻ ലൈറ്റുകളും അണയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ സംഘാടകർ വിശദീകരണം നൽകിയിട്ടുമില്ല. ലോകകപ്പുമായി ബന്ധപ്പെട്ട് പലകാര്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങൾ ഖത്തറിനെ വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്റ്റേഡിയത്തിൽ വൈദ്യുതി തടസ്സം നേരിട്ട സംഭവം വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *