ബ്രസീലിന് പിന്നാലെ പോർചുഗലും ലോകകപ്പ് പ്രീ ക്വാർട്ടറിൽ

ദോഹ: ബ്രസീലിന് പിന്നാലെ പോർചുഗലും ലോകകപ്പ് പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളിന് ഉറുഗ്വയെ തകർത്താണ് പോർചുഗൽ പ്രീ ക്വാർട്ടറിൽ എത്തിയത്.

ബ്രൂണോയുടെ ഇരട്ട ഗോൾ മികവാണ് പോർചുഗലിന് വിജയം നേടിക്കൊടുത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 54ാം മിനിറ്റിലാണ് പോർചുഗൽ ആദ്യ ഗോൾ നേടിയത്. റാഫേൽ ഗുരോരോ നൽകിയ പാസ് ബ്രൂണോ ഫെർണാണ്ടസ് ബോക്സിലെത്തിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡർ ചെയ്തു. ആദ്യം ഗോൾ റൊണാൾഡോയുടെ പേരിൽ നൽകിയെങ്കിലും സൂക്ഷ്മ പരിശോധനയിൽ റോണോ പന്തിൽ തൊട്ടിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ ഗോൾ ബ്രൂണോയ്ക്ക് നൽകുകയായിരുന്നു. ഇഞ്ചുറി ടൈമിൽ പെനൽറ്റിയിലൂടെയായിരുന്നു പോർചുഗലിന്റെ വിജയഗോൾ.

പന്ത് ഉറുഗ്വെ താരം ഹോസെ മരിയ ഹിമിനസിന്റെ കയ്യിൽ തട്ടിയതിനാണ് പോർചുഗലിന് പെനൽറ്റി ലഭിച്ചത്. കിക്ക് എടുത്ത ബ്രൂണോയ്ക്ക് പിഴച്ചില്ല. തിരിച്ചടിക്കാനുള്ള ഉറുഗ്വെയുടെ ശ്രമങ്ങളെല്ലാം പോർചുഗൽ ഗോളി ഡീഗോ കോസ്റ്റ തടുത്തിട്ടു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പോർചുഗലിന് ജയവും പ്രീക്വാർട്ടർ സ്ഥാനവും. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമനായാണ് പോർചുഗൽ പ്രീ ക്വാർട്ടറിൽ എത്തുന്നത്. ആദ്യ മത്സരത്തിൽ ഘാനയെ പോർചുഗൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *