പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ കൈവിടാതെ അര്‍ജന്റീന

ദോഹ: പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ കൈവിടാതെ അര്‍ജന്റീന. മെസ്സി മാജിക്കിലൂടെ മെക്‌സിക്കോയെ തകര്‍ത്തത് 2-0 ത്തിന്. ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകളും തുല്യശക്തികളുടേതെന്ന പോലെ മത്സരമാണു പുറത്തെടുത്തത്.

മെക്‌സിക്കോയെ രണ്ടു ഗോളുകള്‍ക്കു കീഴടക്കി ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ കൈവിടാതെ അര്‍ജന്റീന. ഗോളടിച്ചും അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 2 -0നാണ് അര്‍ജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണല്‍ മെസ്സി , എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി വല കുലുക്കിയത്.

ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവായിരുന്നു. തപ്പിതടഞ്ഞും ആശങ്ക ഉണര്‍ത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോള്‍. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് തീതുപ്പുന്നൊരു അംഗുലര്‍ ഷോട്ടിലൂടെ വിജയം അരക്കിട്ടുറപ്പിച്ച് വല കുലുക്കി. സൗദി, അര്‍ജന്റീനയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളിന്റെ കാര്‍ബണ്‍ പതിപ്പ് പോലെ ആയിരുന്നു ബോക്‌സിന്റെ ഇടതു മൂലയില്‍ നിന്നുള്ള എന്‍സോയുടെ അളന്നു മുറിച്ച വോളി. ഗോളി ഒച്ചോവയുടെ പറക്കും കൈകള്‍ക്ക് എത്തിപ്പിടിക്കാന്‍ ആവുന്നതിലും അപ്പുറത്ത്. പറന്നു ചെന്ന് വലയില്‍.

പുറത്താകാത്തിരിക്കാന്‍ ജയം അനിവാര്യം ആയിരുന്ന അര്‍ജന്റീനയ്ക്ക് ഇപ്പൊള്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയന്റായി. നവംബര്‍ 30ന് സ്റ്റേഡിയം 974ല്‍ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോല്‍പിച്ചാല്‍ അര്‍ജന്റീനയ്ക്കു പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ജയത്തോടെ മെക്‌സിക്കോയോട് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോര്‍ഡ് ഖത്തറിലും അര്‍ജന്റീന തുടര്‍ന്നു. മുന്‍പ് 1930, 2006, 2010 ലോകകപ്പുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും അര്‍ജന്റീനയ്ക്കായിരുന്നു വിജയം

Leave a Reply

Your email address will not be published. Required fields are marked *