ഖത്തർ ലോകകപ്പിൽ ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാനെതിരെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇറാനെതിരെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറു ഗോളിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്.

ആഴ്‌സണൽ താരം സാക ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ റാഷ്‌ഫോഡ്, ബെല്ലിംഗ്ഹാം, സ്റ്റെർലിങ്, ഗ്രീലിഷ് എന്നിവരും ഇംഗ്ലണ്ടിനായി ഗോൾ നേടി. മത്സരത്തിന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ സർവ്വാധിപത്യമായിരുന്നു. ഇരു വിങ്ങുകളിലൂടെയും ഇറാൻ ബോക്സിലേക്ക് ഇംഗ്ലണ്ട് നിരന്തരം പന്ത് എത്തിച്ചുകൊണ്ടേയിരുന്നു. 35ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്.

ഇടത് വിംഗില്‍ നിന്ന് ലൂക്ക് ഷോ തൊടുത്ത് വിട്ട ക്രോസ് ബെല്ലിംഗ്ഹാം അനായാസം വലയിലെത്തിച്ചു. പിന്നാലെ 43ാം മിനിറ്റിൽ സാകയും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം തുടങ്ങയതിന് പിന്നാലെ റഹീം സ്റ്റെര്‍ലിങ്ങും ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി. ഇതിനിടെ ഹൊസൈനിയുമായി കൂട്ടിയിടിച്ച ഗോള്‍ കീപ്പര്‍ ബെയ്റന്‍വാന്‍ഡിനെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് വലിയ തിരിച്ചടിയായി.

തലയ്ക്ക് പരിക്കേറ്റ ബെയ്റൻവാൻഡ മത്സരം തുടർന്നെങ്കിലും പിന്നീട് കളിക്കാനാവാതെ മൈതാനത്ത് കിടന്നതോടെ താരത്തെ പിന്‍വലിക്കുകയായിരുന്നു. 62 ആം മിനുട്ടിൽ വീണ്ടും ഇംഗ്ലണ്ട് ഇറാനെ ഞെട്ടിച്ചു. റഹീം സ്റ്റെർലിങ് കൊടുത്ത പാസിൽ നിന്നും സാക തന്റെ രണ്ടാമത്തെ ഗോളും ഇംഗ്ലണ്ടിന്റെ നാലാം ഗോളും നേടി. 65 ആം മിനുട്ടിൽ ഇറാൻ തിരിച്ചടിച്ചു. മെഹ്ദി തരേമിയാണ് ഇറാന് വേണ്ടി ഗോൾ നേടിയത്. 70 ആം മിനുട്ടിൽ നാല് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് അഞ്ചാമത്തെ ഗോൾ നേടി. ഹാരി കെയ്‌നിന്റെ പാസിൽ നിന്നും പകരക്കാരനായി ഇറങ്ങിയ മർകസ് റാഷ്‌ഫോഡ് മികച്ച ഫിനിഷിംഗിലൂടെ ഗോൾ നേടുകയായിരുന്നു. 89 ആം മിനുട്ടിൽ ഗ്രീലിഷിലൂടെ ഇംഗ്ലണ്ട് അവസാന ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെഹ്ദി തരേമി ഇറാന്റെ രണ്ടാം ഗോൾ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *