ഐഎസ്എല്ലിൽ തുടർച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എല്ലിൽ തുടർച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്.സിയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് തകർത്തത്. ഐഎസ്എല്ലിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിക്കുന്നത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു പ്രതിരോധത്തെ കണക്കിന് പരീക്ഷിക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്നതിനിടെ 12-ാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. 14-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ഛേത്രി ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു.
പിന്നാലെ 22-ാം മിനിറ്റിൽ ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം ലഭിച്ചതായിരുന്നു.

അഡ്രിയാൻ ലൂണയും രാഹുലും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ രാഹുലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പോകുകയായിരുന്നു. എന്നാൽ 25-ാം മിനിറ്റിൽ മാർക്കോ ലെസ്‌കോവിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. തുടർന്ന് 43-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുക്കുകയും ചെയ്തു. തുടർച്ചയായി ബെംഗളൂരു ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ് 70-ാം മിനിറ്റിൽ അപ്പോസ്തൊലോസ് ജിയാനുവിലൂടെ മൂന്നാം ഗോളും കണ്ടെത്തി. എന്നാൽ 81-ാം മിനിറ്റിൽ ജാവിയർ ഹെർണാണ്ടസിലൂടെ ബെംഗളൂരു രണ്ടാം ഗോൾ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്സ് താരം ക്ലിയർ ചെയ്ത പന്ത് ബോക്സിന് പുറത്തുവെച്ച് കിടിലനൊരു വോളിയുലൂടെ ഹെർണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *