ഐഎസ്എല്ലിൽ ഒഡിഷ എഫ്സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം

കൊച്ചി: ഐഎസ്എല്ലിൽ ഒഡിഷ എഫ്സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി സീസണിലെ ഏഴാം വിജയം കൈപ്പിടിയിലാക്കി കേരളത്തിന്റെ കൊമ്പൻമാർ. ഒഡീഷ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തത്. ജയത്തോടെ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് എത്തി.

കൊച്ചിയിൽ തുടക്കത്തിലെ തണുപ്പൻ കളിയിൽ നിന്ന് രണ്ടാംപകുതിയിൽ സഹൽ അബ്ദുൽ സമദിന്റെ ആവേശ മുന്നേറ്റങ്ങളിലൂടെ ശക്തമായി തിരിച്ചെത്തിയ മഞ്ഞപ്പട 86-ാം മിനുറ്റിൽ സന്ദീപിന്റെ ഹെഡറിലൂടെ 1 ഗോളിന്റെ ജയം നേടുകയായിരുന്നു. അവസാന മിനുറ്റുകളിൽ നിഹാലിന്റെ അതിവേഗ മുന്നേറ്റങ്ങളും മഞ്ഞപ്പട ആരാധകർക്ക് ആവേശമായി. അഡ്രിയാൻ ലൂണയെയും ദിമിത്രിയോസോ ദയമന്തക്കോസിനേയും ആക്രമണത്തിന് നിയോഗിച്ചുള്ള ശൈലിയിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കളത്തിലിറക്കിയത്. ഒഡിഷ എഫ്സിയുടെ ആക്രമണത്തോടെയാണ് കൊച്ചിയിൽ മത്സരത്തിന് തുടക്കമായത്.

ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ചിത്രത്തിലേ ഇല്ലാതെ പോയി. കിക്കോഫായി മൂന്നാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് ഒഡിഷയുടെ ആദ്യ ആക്രമണമെത്തി. റെയ്നിയർ ഫെർണാണ്ടസിന്റെ വലംകാലൻ ഷോട്ട് ഗോൾബാറിൽ തട്ടിത്തെറിച്ചു. 12-ാം മിനുറ്റിൽ ദിമിത്രിയോസ് ഫ്രീകിക്ക് നേടിയെടുത്തെങ്കിലും ഗുണകരമായില്ല. 18-ാം മിനുറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ബ്ലാസ്റ്റേഴ്സ് കുതിച്ചെങ്കിലും ജെസ്സലിന്റെ ചിപ് ശ്രമം ബാറിന് മുകളിലൂടെ പറന്നു. 31-ാം മിനുറ്റിൽ കോർണറിൽ നിന്ന് ഒഡിഷയുടെ നന്ദകുമാർ ശേഖറുടെ ഹെഡർ വിഫലമായതും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. ആദ്യപകുതിയുടെ അവസാന മിനുറ്റിലും ഇരച്ചെത്തി ഒഡിഷ മഞ്ഞപ്പടയെ വിറപ്പിച്ചു.

ഗില്ലിന്റെ പൊസിഷൻ സേവിൽ നിർണായകമായി.തുടർന്നുളള രണ്ടാംപകുതി കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് ആരംഭിച്ചത്. കളി തുടങ്ങി അഞ്ച് മിനുറ്റിൽ തന്നെ രണ്ട് അവസരങ്ങളൊരുക്കി സഹൽ മുന്നറിപ്പ് നൽകി. പിന്നാലെയും ബ്ലാസ്റ്റേഴ്സ് കളിയുടെ നിയന്ത്രണമത്രയും സഹലിന്റെ കാലുകളിലായിരുന്നു. കൃത്യമായ ഇടവേളകളിൽ സ്‌കില്ലും മുന്നേറ്റവും കാട്ടി സഹലിന്റെ ക്രോസുകൾ വന്നുകൊണ്ടിരുന്നു. 78-ാം മിനുറ്റിൽ ഒഡിഷ ഗോളി അമരീന്ദറിന് പിഴവ് സംഭവിച്ചെങ്കിലും ഗോൾ മാറിനിന്നു. 83-ാം മിനുറ്റിൽ ലൂണയുടെ ഫ്രീകിക്കിൽ ഓപ്പൺ പോസ്റ്റിലേക്ക് നിറയൊഴിക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കി. എന്നാൽ 86-ാം മിനുറ്റിൽ അമരീന്ദറിന്റെ അടുത്ത പിഴവ് മുതലാക്കി സന്ദീപ് സിംഗ് ഹെഡറിലൂടെ കേരളത്തിന് ജയമുറപ്പിച്ച ഗോൾ സമ്മാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *