ഏകദിന ലോകകപ്പിനായി ഇന്ത്യൻ ടീമിൽ ‘മത്സരം’

ന്യൂഡൽഹി: അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനായി ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം. 2019 ലെ ലോകകപ്പിന് ശേഷം ഇതുവരെ 39 ഏകദിനങ്ങളിലായി 44 താരങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്.

ഇവരിൽ 30 ന് മുകളിൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത് ശിഖർ ധവാൻ മാത്രമാണ്. ഈ താരങ്ങളിൽ 31 പേർ വരാനിരിക്കുന്ന ടൂർണമെന്റുകളിലും ടീമിൽ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നും മികച്ച പതിനഞ്ച് പേരെയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് സ്ക്വാഡിലേക്ക് കണ്ടെത്തേണ്ടത്. ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് 21 ഏകദിന മത്സരങ്ങളാണ് കളിക്കേണ്ടത്. രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, പൃഥ്വി ഷാ എന്നിവരാണ് മുൻനിര സ്ഥാനത്തിനായി രംഗത്തുള്ളത്. രോഹിത്, കോലി, രാഹുൽ എന്നിവരുടെ സ്ഥാനത്തിന് നിലവിൽ ഭീഷണി ഇല്ല.

സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ മധ്യനിരയിലെ സ്ഥാനത്തിനായി രംഗത്തുണ്ട്. ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ദീപക് ഹൂഡ, ശർദ്ദുൽ ടാക്കൂർ എന്നിവരാണ് സാധ്യതാ പട്ടികയിൽ മുന്നിൽ. സ്പിന്നർമാരിൽ ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌നോയ് എന്നിവരും പേസർമാരിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഉമ്രാൻ മാലിക്ക്, മുഹമ്മദ് സിറാജ് എന്നിവരും എത്തുന്നതോടെ ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള മത്സരം കടുക്കും.

Leave a Reply

Your email address will not be published. Required fields are marked *