ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സർജറി വിജയകരം

ന്യൂഡൽഹി: കാറപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം. നെറ്റിയിൽ വെള്ളിയാഴ്ച നടത്തിയ പ്ലാസ്റ്റിക് സർജറി വിജയകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്നലെ ഡൽഹി ക്രിക്കറ്റ് ഭരണസമിതി (ഡിഡിസിഎ) ഡയറക്ടർ ശ്യാം ശർമ സന്ദർശിച്ചു. തുടർചികിത്സ സംബന്ധിച്ച കാര്യങ്ങൾ ബിസിസിഐ തീരുമാനിക്കും.

ഡോക്ടർമാർ അനുവദിക്കുമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിൽ എത്തിക്കുമെന്ന് ഡിഡിസിഎ പ്രസിഡന്റ് രോഹൻ ജെയ്റ്റ്‍ലി പറഞ്ഞു. ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, അനുപം ഖേർ എന്നിവരും ഇന്നലെ ഋഷഭ് പന്തിനെ സന്ദർശിച്ചു. അമ്മ സരോജ് പന്തും ലണ്ടനിൽനിന്ന് ഇന്നലെ രാവിലെ എത്തിയ സഹോദരി സാക്ഷിയും ഒപ്പമുണ്ട്.

അമ്മയെ കാണാൻ ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിലായിരുന്നു അപകടം. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. അദ്ദേഹം പുറത്തുകടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായി.

ഇതിനിടെ, വാഹനാപകടത്തിൽ നിന്ന് ഋഷഭ് പന്തിനെ രക്ഷപ്പെടുത്തിയ ഹരിയാന സർക്കാർ ബസ് ഡ്രൈവർ സുശീൽ കുമാറിനെയും കണ്ടക്ടർ പരംജീത് സിങ്ങിനെയും ഹരിയാന റോഡ്‍വേയ്സ് ആദരിച്ചു. സംസ്ഥാന സർക്കാരും ഇവരെ ആദരിച്ചേക്കും. ബസിന്റെ നേർക്കാണ് ഋഷഭിന്റെ കാർ പാഞ്ഞെത്തിയത്. അമിതവേഗം കണ്ട് ഡ്രൈവർ ബസ് വലത്തേക്കു വെട്ടിച്ചു. തുടർന്ന് ഏതാനും യാത്രക്കാർക്കൊപ്പമാണു ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയത്. തണുപ്പിൽ വിറച്ചുകൊണ്ടിരുന്ന ഋഷഭിനെ യാത്രക്കാരിൽ ഒരാളുടെ കമ്പിളി വാങ്ങി പുതപ്പിച്ചു. ഇവരാണു പൊലീസിനെ വിവരമറിയിച്ചതും. അമ്മയെ വിളിക്കാനാണ് ഋഷഭ് ആദ്യം ആവശ്യപ്പെട്ടത്. വിളിച്ചെങ്കിലും ഫോൺ സ്വിച്ഡ് ഓഫ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *