ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ദിമിത്രിയോസിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏകഗോള്‍. ജയത്തോടെ ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് 25 പോയിന്റോടെ മുന്നാം സ്ഥാനത്ത്.

ഗോവയിലെ ഫറ്റോര്‍ഡ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് അടിതെറ്റി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഗോവ രണ്ട് ഗോളിന് മുന്നിലെത്തി. 35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. കിക്കെടുത്ത ഇകെറിന് പിഴച്ചില്ല. സൗരവ് മണ്ഡല്‍, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. 43-ാം മിനിറ്റില്‍ രണ്ടാം ഗോളും ഗോവ നേടി. പ്രതിരോധതാരം അന്‍വര്‍ അലി തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം സന്ദീപ് സിംഗിന്റെ പിഴവാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. വൈകാതെ ആദ്യപാതി അവസാനിച്ചു. രണ്ടാം പകുതിയില്‍ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് തന്ത്രം മാറ്റിയതോടെ കാര്യങ്ങള്‍ കുറച്ച് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി. അധികം താമസിയാതെ 51ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരമായ ദിമിത്രിയോസ് ഡയമന്റകോസ് മനോഹരമായ ഹെഡറിലൂടെ ഗോള്‍ നേടി. ആരാധകര്‍ക്കും കാണികള്‍ക്കും ആഘോഷിക്കാന്‍ ലഭിച്ച ഏക അവസരം. അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്ക് ദിമിത്രിയോസ് ലക്ഷ്യം തെറ്റിക്കാതെ തലകൊണ്ട് ഗോവന്‍ വലയില്‍ വീഴ്ത്തി.

മഞ്ഞപ്പട രണ്ടാംപാതിയുടെ തുടക്കത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ 69-ാം മിനിറ്റില്‍ ഗോവയുടെ വിജയമുറപ്പിച്ച ഗോളെത്തി. പകരക്കാരനായി ഇറങ്ങിയ ലാംഗാണ് ഗോള്‍ നേടിയത്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ നീക്കത്തിന് പിന്നാലെ നോഹ് നല്‍കിയ പാസാണ് താരം വലയിലെത്തിച്ചത്.
പകരക്കാരെ കളത്തിലിറക്കി മല്‍സരത്തിലേക്ക് തിരിച്ചു വരാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇടയ്ക്ക് ചെറിയ രീതിയിലുള്ള കയ്യാങ്കളിയിലേക്കും മല്‍സരം പോയി. ആറ് മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. തുടരെയുള്ള രണ്ടു തോല്‍വികളും മറന്ന്, ജയത്തിന്റെ പഴയ ട്രാക്കിലേക്ക് കയറാനാകും 29ന് സ്വന്തം തട്ടകത്തിലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആഗ്രഹം

Leave a Reply

Your email address will not be published. Required fields are marked *