ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണകൊറിയയെ കീഴടക്കി ഘാന

ദോഹ: ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണകൊറിയയെ കീഴടക്കി ഘാന. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഘാനയുടെ വിജയം. ആദ്യ പകുതിയിൽ മുന്നിട്ട് നിന്നതിന് ശേഷം സമനില വഴങ്ങുകയും പിന്നീട് ശക്തമായി തിരിച്ചടിക്കുകയും ചെയ്താണ് ഘാന വിജയം പിടിച്ചെടുത്തത്.

ഘാനയ്ക്കായി മുഹമ്മദ് കുഡൂസ് ഇരട്ട ഗോൾ നേടിയപ്പോൾ മുഹമ്മദ് സാലിസുവും വല കുലുക്കി. ചോ ഗ്യൂ സംഗാണ് ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും നേടിയത്. തുടക്കത്തിൽ ദക്ഷിണ കൊറിയയാണ് ആക്രമിച്ച് കളിച്ചത്. എന്നാൽ 24 ആം മിനിറ്റിൽ മുഹമ്മദ് സാലിസുവിലൂടെ ഘാന മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഘാനയ്ക്കായി ഗോൾ നേടുന്ന ആദ്യ ഡിഫൻഡറാണ് മുഹമ്മദ് സാലിസു.

പത്ത് മിനിറ്റിന് ശേഷം 34 ആം മിനിറ്റിൽ ദക്ഷിണ കൊറിയയെ ഞെട്ടിച്ച് ഘാനയുടെ രണ്ടാം ഗോളും പിറന്നു. ജോർദാൻ അയേവിന്റെ ക്രോസിൽ നിന്നും മുഹമ്മദ് കുഡുസ് ആണ് ഘാനയുടെ രണ്ടാം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതി കൊറിയ തിരിച്ചു വന്നു. 53 ആം മിനുട്ടിൽ ഗു-സങ് ചോയുടെ ഹെഡ്ഡർ ഘാന ഗോളി സേവ് ചെയ്തെങ്കിലും 58 ആം മിനിറ്റിൽ ചോ ഗ്യൂ സങ്ങ് കൊറിയക്ക് വേണ്ടി ഗോൾ നേടി. 61 ആം മിനുട്ടിൽ ഘാനയെ ഞെട്ടിച്ച് സമനില ഗോളും കൊറിയ സ്വന്തമാക്കി. ഒരു ലോകകപ്പ് മത്സരത്തിൽ ഒന്നിൽ കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്യുന്ന ആദ്യത്തെ കൊറിയൻ താരമാണ് ചോ ഗ്യൂ-സങ്. ലോകകപ്പിൽ രണ്ട് ഹെഡ്ഡറുകൾ നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരൻ എന്ന റെക്കോർഡും സംഗ് സ്വന്തമാക്കി. എന്നാൽ വിട്ടുകൊടുക്കാതെ പൊരുതിയ ഘാന 68 ആം മിനിറ്റിൽ മുഹമ്മദ് കുഡൂസ് തന്റെ രണ്ടാം ഗോളും ഘാനയുടെ വിജയ ഗോളും കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *