ആവേശകരമായി കുഞ്ഞന്മാരുടെ ഫുട്‌ബോള്‍ മത്സരം

തൃശൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം ഉള്‍ക്കൊണ്ട് പെരിഞ്ഞനത്ത് നടത്തിയ കുഞ്ഞന്മാരുടെ ഫുട്‌ബോള്‍ മത്സരം ആവേശകരമായി. തൃശൂര്‍ പെരിഞ്ഞനം ചേതന ടര്‍ഫിലാണ് ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അംഗങ്ങള്‍ ഏറ്റുമുട്ടിയത്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ ഉയരം കുറഞ്ഞ ആളുകളെ ഒത്തൊരുമിച്ച് രൂപം നല്‍കിയതാണ് ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. തൃശൂര്‍ പെരിഞ്ഞനത്തെ ചേതന സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുഞ്ഞന്‍മാരുടെ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. അര്‍ജന്റീന – ബ്രസീല്‍ ടീമുകളുടെ ജെഴ്‌സിയണിഞ്ഞാണ് കനത്ത മഴയെ അവഗണിച്ചും കുഞ്ഞന്‍മാര്‍ കളിക്കളത്തിലിറങ്ങിയത്. ഒരു മണിക്കൂറോളം നീണ്ട സൗഹൃദ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ നേടി അര്‍ജന്റീന ടീം ബ്രസീല്‍ ടീമിനെ തോല്പിച്ചു.
മെസിയുടെയും നെയ്മറിന്റെയും ജഴ്‌സിയണിഞ്ഞ ഇവരുടെ പോരാട്ടം കാണാന്‍ നിരവധി പേര്‍ ചേതന ടര്‍ഫില്‍ എത്തിയിരുന്നു. വിജയിച്ച ടീം മൈതാനത്തിന് ചുറ്റും ഓടി കാണികള്‍ക്ക് നന്ദി പറഞ്ഞു.

കൊടുങ്ങല്ലൂര്‍ സ്വദേശി സല്‍മാനാണ് കളി നിയന്ത്രിച്ചത്. തലശേരി സ്വദേശി കെ.കെ.റാഷിദാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. പൊക്കമില്ലായ്മയുടെ പേരില്‍ അവഗണിക്കപ്പെടുന്ന മനുഷ്യരെ കായിക മത്സരങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് രൂപം നല്‍കിയതെന്ന് റാഷിദ് പറഞ്ഞു.

വിവിധ ജില്ലകളില്‍ നിന്നുള്ള 22 പേരാണ് ക്ലബ്ബില്‍ അംഗമായിട്ടുള്ളത്. 2013 ല്‍ അമേരിക്കയില്‍ വെച്ചു നടന്ന ഡാര്‍ഫ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആകാശ്.എസ്. മാധവന്‍, സി.എസ്.ബൈജു , സിനിമ ചാനല്‍ ഷോ താരം സൂരജ് തേലക്കാട്, പാരാ ഒളിമ്പിക്‌സ് നാഷണല്‍ താരങ്ങളായ സനല്‍, പ്രദീപ്കുമാര്‍, ഷഫീക് എന്നിവരടങ്ങിയ ടീമാണ് മത്സരത്തിനിറങ്ങിയത്. മുന്‍ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *