അർജന്റീനയ്ക്ക് പിന്തുണയുമായി റാഫേൽ നദാൽ

ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ തോൽവി നേരിട്ട അർജന്റീനയ്ക്ക് പിന്തുണയുമായി ടെന്നീസ് താരം റാഫേൽ നദാൽ. ടൂർണമെന്റിൽ അർജന്റീനയുടെ സാധ്യതകൾ അവസാനിച്ചതായി ആർക്കും പറയാനാവില്ലെന്ന് നദാൽ പറഞ്ഞു.

ആദ്യ മത്സരത്തിൽ അട്ടിമറി നേരിട്ടെങ്കിലും അർജന്റീന തിരിച്ച് വരുമെന്നും അർജന്റീനയ്ക്കാണ് ഏറ്റവും കൂടുതൽ കിരീട സാധ്യതയെന്നും നദാൽ വ്യക്തമാക്കി. നോർവേയുടെ കാസ്പർ റൂഡിനെതിരായ പ്രദർശന മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നദാൽ. ഒരു കളി തോറ്റെങ്കിലും ഇനി രണ്ട് മത്സരം കൂടി ബാക്കിയുണ്ട്. കോപ്പ അമേരിക്ക ചാമ്പ്യൻമാരായാണ് അർജന്റീന എത്തുന്നത്. അത്കൊണ്ട് തന്നെ വളരെ ദൂരം മുന്നേറാൻ സാധ്യതയുള്ള ടീമാണ് അർജന്റീനയെന്നും റാഫേൽ നദാൽ വ്യക്തമാക്കി.

സൂപ്പർ താരം ലയണൽ മെസ്സിയെ അഭിനന്ദിക്കാനും നദാൽ മറന്നില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചത്. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു അർജന്റീനയുടെ തോൽവി. തോൽവിയോടെ തുടർച്ചയായി 36 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറിയ അർജന്റീനയുടെ റെക്കോർഡും തകർന്നിരുന്നു. 27 ന് മെക്സിക്കോയുമായിട്ടാണ് അർജന്റീനയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *