അപ്രവചനീയം പാകിസ്ഥാൻ

    കായികപ്രേമികളുടെ മനസ്സിൽ നിൽക്കുമോ അതോ പോകുമോ എന്ന സംശയം ജനിപ്പിച്ചാണ് ഓരോ ടൂർണമെന്റിനും പാകിസ്ഥാൻ എത്തുന്നത്. ഒടുവിൽ ചില മത്സരങ്ങൾ അവിശ്വസനീയമായി ജയിച്ചും ചിലത് പടിക്കൽ കൊണ്ട് കലമുടച്ചും പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കും.

ക്രിക്കറ്റിന്റെ തനത് സ്വഭാവമായ അനിശ്ചിതത്വം അതേപടി കളത്തിൽ പ്രകടിപ്പിക്കുന്ന ടീമാണ് പാകിസ്ഥാൻ. പാകിസ്ഥാന്റെ പ്രകടനം എപ്പോൾ എങ്ങനെ മാറുമെന്ന് ഒരു ക്രിക്കറ്റ് പണ്ഡിതർക്കും പ്രവചിക്കാനാവില്ല. 9 മണിക്ക് പഴയ ഓസ്ട്രേലിയയെപ്പോലെ കളിക്കുന്ന പാകിസ്ഥാൻ 10 മണിക്ക് ഇപ്പോഴത്തെ നമീബിയയെപ്പോലെയോ നെതർലൻഡിനെപ്പോലെയോ ആകും കളിക്കുക. അതുകൊണ്ട് തന്നെ പാകിസ്ഥാന് കീരിട സാധ്യത പ്രവചിക്കാനാവില്ല. അതുപോലെ അവരെ എഴുതിത്തള്ളാനുമാവില്ല. കായികപ്രേമികളുടെ മനസ്സിൽ നിൽക്കുമോ അതോ പോകുമോ എന്ന സംശയം ജനിപ്പിച്ചാണ് ഓരോ ടൂർണമെന്റിനും പാകിസ്ഥാൻ എത്തുന്നത്. ഒടുവിൽ ചില മത്സരങ്ങൾ അവിശ്വസനീയമായി ജയിച്ചും ചിലത് പടിക്കൽ കൊണ്ട് കലമുടച്ചും പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കും. ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തിയതുൾപ്പെടെ സമീപകാലത്ത് മികച്ച പ്രകടനമാണ് പാകിസ്ഥാൻ നടത്തുന്നത്. എന്നും അവരുടെ തുറുപ്പുചീട്ടായിരുന്ന പേസ് ബോളിംഗിന്റെ മികവിലാണ് പാകിസ്ഥാൻ ഇക്കുറിയും പ്രതീക്ഷ വയ്ക്കുന്നത്. ഇനി പാകിസ്ഥാന്റെ ട്വന്റി 20 ലോകകപ്പ് സ്ക്വാഡ് നോക്കാം

ബാബർ അസം, ഷദാബ് ഖാൻ, ആസിഫ് അലി, ഹൈദർ അലി, ഹാരിസ് റൗഫ്, ഇഫ്തിക്കർ അഹമ്മദ്, ഖുഷ്ദിൽ ഷാ, മൊഹമ്മദ് ഹസ്നെയ്ൻ, മൊഹമ്മദ് നവാസ്, മൊഹമ്മദ് റിസ്വാൻ
മൊഹമ്മദ് വസീം, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, ഉസ്മാൻ ഖാദിർ

അത്യാവശ്യം മികച്ച ബാറ്റിംഗ് ലൈനപ്പ്. കിടിലൻ ബോളിംഗ്, ശോകം ഫീൽഡിംഗ്…ഇതാണ് പാകിസ്ഥാൻ ടീം. ഒരു മത്സരത്തിൽ രണ്ട് ക്യാച്ചുകളെങ്കിലും കളയുക എന്നതാണ് കാലങ്ങളായി അവരുടെ രീതി. രണ്ട് ഫീൽഡർമാർ ഒരു ക്യാച്ചിനായി ശ്രമിക്കുന്നതും രണ്ട് ബാറ്റർമാർ ഒരേ ദിശയിലേക്ക് ഓടി റണ്ണൗട്ട് ആകുന്നതും പാക് ഇന്നിംഗ്സിൽ പതിവാണ്. നഷ്ടപ്പെടുത്തിയ ക്യാച്ചുകൾ മൂലം നിരവധി തവണ പാകിസ്ഥാൻ പരാജയം രുചിച്ചിട്ടുണ്ട്. ബാറ്റർമാരുടേയും ബോളർമാരുടേയും കഠിനാധ്വാനം ഫീൽഡർമാർ നശിപ്പിക്കുന്നത് മൂലം തോൽക്കുന്ന ഏക ടീമും പാകിസ്ഥാനാണെന്ന് പറയാം. ട്വന്റി 20 ലോകകപ്പിനെത്തുമ്പോൾ ഈ പിഴവുകൾ ആവർ‍ത്തിക്കാതിരിക്കുകയാവും പാക് ലക്ഷ്യം. അങ്ങനെയെങ്കിൽ ഫൈനലിസ്റ്റുകളിൽ ഒരാളായി പാകിസ്ഥാനെ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *