നിഴൽ സെക്രട്ടറിയാകില്ല; പാർടിയെ നയിക്കും

കേരളത്തിലെ പാർട്ടിയേയും സർക്കാരിനേയും പൂർണമായും പിണറായി വിജയൻ കൈപ്പിടിയിലാക്കിയിരിക്കുന്നു എന്ന പ്രചാരണം ശക്തമാണ്. ഇത് പാർടിയേയും സർക്കാരിനേയും ദുർബപ്പെടുത്താനുള്ള എതിരാളികളുടെ തന്ത്രമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറയുന്നു. പാർട്ടിയോ സർക്കാരോ വ്യക്തി കേന്ദ്രീകൃതമല്ല. കൂട്ടായാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. മന്ത്രിസഭയിൽ നിന്നും മാറിയ സീനിയർ നേതാക്കളെല്ലാം പാർട്ടി നേതൃത്വത്തിന്റെ ഭാ​ഗമായി വിവിധ ചുമതലകൾ നിർവഹിച്ചു വരികയാണ്. ചിലരെല്ലാം അസ്വസ്ഥരാണ് എന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്.

മ​ഗ്സാസെ അവാർഡ് വാങ്ങാൻ കെ കെ ശൈലജയെ അനുവദിക്കാതിരുന്നത് ആ അവാർഡ് ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ പേരിലുള്ള അവാർഡ് ആയതിനാലാണ്. അത്തരം അവാർഡുകൾ വാങ്ങിയല്ല ഒരു കമ്മ്യൂണിസ്റ്റ് വളരേണ്ടത് എന്നും ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കുന്നു. താൻ എം എൽ എ സ്ഥാനത്ത് തുടരുന്നത് ഒരുപതിരഞ്ഞെടുപ്പിന്റെ ഭാരം ജനങ്ങൾക്കു മേൽ ചുമത്താതിരിക്കാനാണ്. മറ്റ് അജണ്ടകൾ ആരോപിക്കുന്നത് ശരിയല്ല. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുക. രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രക്ക് കേരളത്തിന് പുറത്ത് ഒരു സ്വീകാര്യതയും ലഭിക്കുന്നില്ല. രാഹുലിനേയല്ല രാഹുലിനൊപ്പം നടക്കുന്ന ചിലരുടെ പ്രസ്തവനകളെയാണ് തങ്ങൾ എതിർത്തത് എന്നും ​ഗോവിന്ദൻ മാസ്റ്റർ വിശദീകരിച്ചു. പാർടി സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ​ഗോവിന്ദൻ മാസ്റ്ററുടെ വിശദമായ അഭിമുഖം.