Banner Ads

ആത്മീയ നിർവൃതിയിൽ രാഷ്ട്രപതി: ദ്രൗപതി മുർമു ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തി ദർശനം പൂർത്തിയാക്കി. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പദർശനം നടത്തിയത്.തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ട കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതോടെ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.റോഡ് മാർഗം പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാസ്നാനത്തിനുശേഷം കെട്ട് നിറച്ചു. പിന്നാലെ 11.30-ഓടെ കനത്ത സുരക്ഷയിൽ പ്രത്യേക വാഹനമായ ഫോഴ്സ് ഗൂർഖയിലാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്.

സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിച്ചു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് രാഷ്ട്രപതി വിശ്രമിക്കുന്നത്.രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. തുടർന്ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.