
മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ഇന്നോവ കാറിൽ രഹസ്യമായി കടത്തിക്കൊണ്ടുപോകുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ നിഹാൽ മുഹമ്മദ് (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ മഞ്ചേരി ചമയം ജംഗ്ഷനിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.പ്രതിയുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 16.5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
പാണ്ടിക്കാട് എക്‌സൈസും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് എക്‌സൈസും പോലീസും വാഹനം പിന്തുടർന്നു. അമിതവേഗത്തിൽ ഓടിച്ച വാഹനമിടിച്ച് വഴിയിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.ഇതിനിടെയാണ് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയത്. വാഹനം നിർത്തിയ ഉടൻ പ്രതി ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.