ചെന്നൈ : തമിഴ്‌നാട്ടിൽ നാലുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയും സഹോദരിയും അറസ്റ്റിൽ. നാമക്കൽ ജില്ലയിലെ സേന്തമംഗലത്തിനടുത്ത് ഗാന്ധിപുരം സ്വദേശിനിയായ സ്നേഹ(23) എന്ന യുവതിയാണ് കാമുകനൊപ്പം ജീവിക്കാൻ കുറ്റകൃത്യം ചെയ്തതിന് അറസ്റ്റിലായത്. ചെന്നൈ സ്വദേശിനിയാണ് സ്നേഹ. ഭർത്താവിനും മകൾക്കുമൊപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. ചെന്നൈയിൽ താമസിച്ചിരുന്ന സേന്തമംഗലം സ്വദേശിയായ ശരത്തുമായി സ്‌നേഹ ദീർഘകാലമായി പ്രണയത്തിലായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ മകൾ തടസ്സമാകും എന്ന തോന്നലാണ്
തൻ്റെ നാലുവയസ്സുകാരിയായ മകൾ പൂവരശിയെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് പോലീസ് പറയുന്നത്.
അടുത്തിടെയ്ക്ക് ഭർത്താവിനെ ഉപേക്ഷിച്ച് സ്നേഹ ശരത്തിനൊപ്പം പോയിരുന്നു. എന്നാൽ കുഞ്ഞുണ്ടായതിനാൽ ശരത്തിന്റെ വീട്ടുകാർ സ്നേഹയെ സ്വീകരിച്ചില്ല. ഇവർ പോലീസിൽ അറിയിക്കുകയും പോലീസെത്തി സ്നേഹയെ തിരിച്ച് ഗാന്ധിപുരത്തെ വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. പിന്നീട് മാതാപിതാക്കളും സഹോദരിയോടൊപ്പവും ആയിരുന്നു സ്നേഹ താമസിച്ചിരുന്നത്. ഇവരുടെ കൂടെ മകൾ പൂവരശിയും ഉണ്ടായിരുന്നു. മകൾ കൂടെയുണ്ടെങ്കിൽ കാമുകന്റെ കൂടെ ജീവിക്കാൻ കഴിയില്ലായെന്ന് തിരിച്ചറിഞ്ഞതോടെ സ്നേഹ കുട്ടിയെ കൊലപ്പെടുത്തണം എന്ന് തീരുമാനിച്ചു.
തുടർന്ന് സ്നേഹയും സഹോദരിയും നാലുവയസ്സുകാരിയായ മകളെ ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി കിണറിൽ നോക്കിയപ്പോളാണ് കുട്ടിയെ കിട്ടുന്നത്. അപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പോലിസിൽ വിവരം അറിയിക്കുകയും പോലീസെത്തി സ്നേഹയെയും സഹോദരി കോകിലയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വേറെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.