Banner Ads

100 ദിവസത്തിനകം എടുത്ത തീരുമാനം; പൊഴിയൂർ കടൽഭിത്തി നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : പൊഴിയൂർ തീരദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊഴിയൂർ സർക്കാർ യു പി സ്കൂളിൽ നടന്ന കടൽഭിത്തി നിർമാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരത്തിലെത്തി 100 ദിവസം തികയുന്നതിന് മുൻപ് തന്നെ വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിച്ചുവെന്നും വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഉറച്ച നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കടൽക്ഷോഭത്തിൽനിന്ന് പൊഴിയൂരിലെ ജനങ്ങളുടെ ജീവിതത്തിനും വസ്തുവകകൾക്കും പൂർണ്ണ സംരക്ഷണം നൽകാൻ കടൽഭിത്തി നിർമാണത്തിലൂടെ സാധിക്കും.

വഴിമുക്ക്–അമരവിള റോഡ് വികസനം ഉൾപ്പെടെ പ്രദേശത്തെ മറ്റു വികസന പ്രശ്നങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെ വൻ വികസന പാതയിലാണ്. തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി തീരദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ മണ്ണെണ്ണ സബ്സിഡി 25 രൂപയിൽനിന്ന് 75 രൂപയായി ഉയർത്തി. പ്രിയദർശനി പദ്ധതി വഴി സ്ത്രീകളോടുള്ള ആദരം ഉയർത്തിപ്പിടിക്കുന്നു. ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സാധാരണക്കാരുടെ സങ്കടങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരാണിതെന്നും തീരദേശ ജനതയ്‌ക്കൊപ്പം എന്നും നിലകൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.