തൃശൂർ പൂരം വർഗീയവൽക്കരിക്കാൻ ശ്രമം, പൊലീസ് അനധികൃതമായി ഇടപെടുന്നത് എന്തിന്?: വി.ഡി. സതീശൻ

    തൃശൂർ പൂരത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമത്തിന് സർക്കാർ കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം നടത്തിപ്പിന് കോടതി ഇടപെട്ട് ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും പിന്നെ എന്തിനാണ് പൊലീസ് അനധികൃതമായി ഇടപെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തന്നെയാണ് പിണറായി വിജയനും കേരളത്തില്‍ നടപ്പാക്കുന്നത്. തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം വഷളാക്കി ബിജെപിക്ക് ഒരു ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്

തൃശൂർ പൂരത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമത്തിന് സർക്കാർ കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം നടത്തിപ്പിന് കോടതി ഇടപെട്ട് ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും പിന്നെ എന്തിനാണ് പൊലീസ് അനധികൃതമായി ഇടപെടുന്നതെന്നും അദ്ദേഹം ചോദിച്ചു.ബിജെപി നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തന്നെയാണ് പിണറായി വിജയനും കേരളത്തില്‍ നടപ്പാക്കുന്നത്. തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം വഷളാക്കി ബിജെപിക്ക് ഒരു ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അതിനു വേണ്ടിയാണ് സിപിഎമ്മിന്റെ തോക്ക് മുഴുവന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ തിരിച്ചുവച്ചിരിക്കുന്നത്. മോദിയെ തൃപ്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

പൂരം കമ്മിറ്റിക്കാരെ പൊലീസ് തടഞ്ഞത് ആയിരുന്നു സംഭവങ്ങളുടെ തുടക്കം തിരുവമ്പാടിയുടെ മഠത്തിൽ വരവ് നടക്കവേ തിടമ്പേറ്റിയ ആനയെയും വാദ്യക്കാരെയും പൂരപ്രേമികളെയും അടക്കം പൊലീസ് തടഞ്ഞുവച്ചു. വെടിക്കെട്ടിനു വേണ്ടി സ്വരാജ് റൗണ്ട് അടച്ചുകഴിഞ്ഞെന്നും ഇനി കടത്തിവിടാനാകില്ലെന്നുമായിരുന്നു വാദം. മഠത്തിൽവരവ് നായ്ക്കനാലിൽ കലാശിക്കുന്നതാണു നൂറ്റാണ്ടുകളായുള്ള പതിവെന്നും അതിൽ മാറ്റംവരുത്താനാകില്ലെന്നും കമ്മിറ്റിക്കാർ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇതോടെയാണ് എഴുന്നള്ളിപ്പ് നിർത്തി പഞ്ചവാദ്യക്കാർ പിരിഞ്ഞുപോയത്. തിടമ്പുമായി ആനയും മടങ്ങിപ്പോയി. എഴുന്നള്ളിപ്പു തടയുന്നത് അത്യപൂർവ സംഭവമായതിനാൽ ശക്തമായി പ്രതിഷേധിക്കാനായിരുന്നു തിരുവമ്പാടിയുടെ തീരുമാനം. നടുവിലാലിലെ പൂരപ്പന്തലിലെ ലൈറ്റ് അണച്ച് അവർ പ്രതിഷേധിച്ചു. പൂരച്ചടങ്ങുകൾ നിർത്തിവച്ചു. വെടിക്കെട്ടിൽ പങ്കെടുക്കേണ്ട എന്ന തരത്തിലേക്കും ചർച്ചകൾ നീങ്ങി.

പൊലീസ് അനാവശ്യമായി ഇടപെടുവെന്നാരോപിച്ച് തിരുവമ്പാടി വിഭാഗം രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവച്ചിരുന്നു. പിന്നാലെയാണു പൂരപ്പന്തലിലെ ദീപാലങ്കാരം ഓഫ് ചെയ്തു പ്രതിഷേധിച്ചത്.
വെടിക്കെട്ട് കാണാൻ പാകത്തിന് സ്വരാജ് റൗണ്ടിന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ എവിടേക്കും പ്രവേശിക്കാൻ പൂരപ്രേമികളെ പൊലീസ് അനുവദിച്ചില്ല. പകൽ സമയത്ത് പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്ര മേൽശാന്തിയെ തടഞ്ഞുവച്ചതും മഠത്തിൽവരവിന്റെ സമയത്ത് പൂരപ്രേമികളോട് കമ്മീഷണർ അങ്കിത് അശോകൻ ബഹളമുണ്ടാക്കുകയും പിടിച്ചു തള്ളുകയും ചെയ്തതും പൂരപ്രേമികളിൽ നീരസമുണ്ടാക്കിയിരുന്നു.
പ്രതിഷേ​ധം തുടർന്നതോടെ കലക്ടറും മന്ത്രി കെ. രാജനും ഇടപെട്ട് നടത്തിയ ചർച്ചകൾക്കു പിന്നാലെയാണു വെടിക്കെട്ട് നടത്താമെന്ന‍ു തിരുവമ്പാടി തീരുമാനിച്ചത്. ഇതിനകം സമയം 6 മണി കഴിഞ്ഞിരുന്നു. ഇതൊന്നുമറിയാതെ ജനം സ്വരാജ് റൗണ്ടിന്റെ പല ഭാഗങ്ങളിലും നിന്നും ഇരുന്നും കിടന്നും സമയം നീക്കുകയായിരുന്നു.അതേസമയം, തൃശൂർ പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ആചാരങ്ങളിലും വിശ്വാസങ്ങളിലും പൊലീസിനെ ഉപയോഗിച്ച് കടന്നു കയറാൻ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. ബോധപൂർവമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *