ന്യൂഡൽഹി: സായുധസേനയെ സംബന്ധിച്ചിടത്തോളം താൽക്കാലിക നഷ്ടങ്ങൾക്കപ്പുറത്ത് മൊത്തത്തിലുള്ള നേട്ടത്തിനാണ് പ്രാധാന്യമെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പുണെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ ‘ഭാവിയിലെ യുദ്ധങ്ങളും യുദ്ധമുറകളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനിടെ സായുധ സേനയ്ക്കുണ്ടായ നഷ്ടങ്ങൾക്കല്ല മറിച്ച് നേട്ടങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് നഷ്ട്ടപെട്ട വിമാനങ്ങളുടെയും റഡാറുകളുടെയും എണ്ണവും പങ്കുവെക്കാൻ സാധിച്ചു. എന്നാൽ നഷ്ടങ്ങളേക്കാൾ ഫലത്തിന് മുൻഗണന നൽകണം. ഒരു ക്രിക്കറ്റ് മത്സരത്തിൽ ഒരു ടീം വിജയിക്കുമ്പോൾ അവിടെ എത്ര വിക്കറ്റ്, ബോൾ, കളിക്കാർ എന്ന ചോദ്യത്തിന് അടിസ്ഥാനമില്ല. അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ ചെയ്യുന്ന അക്രമങ്ങൾക്ക് ഒരു തട ഇടാൻ ഇന്ത്യയ്ക്ക് സാധിച്ചു. പഹൽഗാം ആക്രമണം അങ്ങേയറ്റം ക്രൂരമായ പ്രവർത്തിയായിരുന്നു. ആയിരം മുറിവുകളിലൂടെ ഇന്ത്യയെ രക്തത്തിൽ ആഴ്ത്തുകയായിരുന്നു പാകിസ്താൻ ലക്ഷ്യം. എന്നാൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് ഒരു അതിരുവരച്ചു. ഇന്ത്യ ഒരിക്കലും ആണവായുധ ഭീഷണിക്ക് വഴങ്ങില്ലെന്നും ഭീകരതയുടെ തടവില്‍ കഴിയില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ വ്യക്തമാക്കി- അദ്ദേഹം വ്യക്തമാക്കി.