Banner Ads

സംഘർഷം കയ്യാങ്കളിയിലേക്ക്: ഓർഡർ നൽകിയ ഭക്ഷണം നൽകാത്തതു ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം.

മൂന്നാർ: ഓർഡർ നൽകിയ ഭക്ഷണം നൽകാത്തത് ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ തട്ടുകടക്കാരൻ്റെ ആക്രമണം. യുവാവിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം. ഷംനാദ് (33) ആണ് മർദനമേറ്റത്. പരിക്കേറ്റ ഷംനാദിനെ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 10 മണിയോടെ പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിലാണ് സംഭവം. സുഹൃത്തുമായി ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഓർഡർ നൽകി കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഷംനാദിന് ശേഷം വന്നവർക്ക് ഭക്ഷണം നൽകുന്നത് കണ്ടതോടെ യുവാവ് ഇത് ചോദ്യം ചെയ്തു. ഇതോടെ തട്ടുകടക്കാരനുമായി വാക്കുതർക്കം ആരംഭിച്ചു.

തർക്കം രൂക്ഷമായതോടെ തട്ടുകടക്കാരൻ അടുക്കളയിലുണ്ടായിരുന്ന ഇരുമ്പുചട്ടുകം ഉപയോഗിച്ച് ഷംനാദിന്റെ തലയിലും മുഖത്തും ക്രൂരമായി അടിക്കുകയായിരുന്നു. ഷംനാദിന്റെ സുഹൃത്തും നാട്ടുകാരും ചേർന്നാണ് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.