
മലപ്പുറം : ലഹരി ചോദിച്ച് യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. എരമംഗലം കളത്തിൽപടി സ്വദേശി സാലിയെ ആക്രമിച്ച കേസിലാണ് എരമംഗലം നാക്കോല സ്വദേശി അബ്ദുസ്സമദ് പിടിയിലായത്.
ലഹരിമരുന്നായ എം.ഡി.എം.എ വാങ്ങി നൽകാൻ ആവശ്യപ്പെട്ടപ്പോൾ സാലിയുടെ സുഹൃത്തിന് ലഹരിക്കച്ചവടമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് അബ്ദുസ്സമദ് ഇയാളെ ആക്രമിച്ചത്. ആക്രമണത്തിൽ സാലിയുടെ വലതുകണ്ണിന് താഴെയും മൂക്കിനും പരിക്കേറ്റു. പിടിയിലായ അബ്ദുസ്സമദ് കുന്നംകുളം, ഗുരുവായൂർ, പെരുമ്പടപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പെരുമ്പടപ്പ് സി.ഐ സി.വി. ബിജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ ഹരി, സബ് ഇൻസ്പെക്ടർ ശശികുമാർ, എ.എസ്.ഐ അലി സാബിർ, സി.പി.ഒ സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.