
തിരുവനന്തപുരം:കേരളത്തിൽ ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് ഗർഭാശയഗള കാൻസർ. ഒൻപത് മുതൽ 14 വയസ് വരെയാണ് എച്ച്പിവി വാക്സിൻ ഏറ്റവും ഫലപ്രദം. 26 വയസ് വരെ എച്ച്പിവി വാക്സിൻ നൽകാവുന്നതാണ്.
പ്ലസ് വൺ, പ്ലസ് ടു തലത്തിലെ വിദ്യാർഥിനികൾ ആയതിനാൽ സ്കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകുന്നതാണ്.