
തിരുവനന്തപുരം : അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഇടപെട്ട വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലുപേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചാവർകോട് സ്വദേശികളായ ഹരിലാൽ (34), സുമേഷ് (34), ബിജു (47), വിനോദ് (30) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 11ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനാണ് മർദനമേറ്റത്. കഴിഞ്ഞ വർഷത്തെ അത്തപ്പൂക്കളം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ തർക്കത്തിൽ ബിലാൽ ഇടപെട്ടിരുന്നു. ഇതിലുള്ള വിരോധത്താൽ, ചാവർകോടുള്ള ചപ്പാത്തിക്കടയ്ക്ക് സമീപം വെച്ച് പ്രതികളിലൊരാൾ ബിലാലിനെ തടഞ്ഞുനിർത്തി വാക്കുതർക്കമുണ്ടാക്കുകയായിരുന്നു.
തുടർന്ന് മറ്റു പ്രതികളും ചേർന്ന് ബിലാലിനെ നിലത്തിട്ട് ക്രൂരമായി മർദിക്കുകയും തുണിക്കയർ ഉപയോഗിച്ച് കൈകൾ കൂട്ടിക്കെട്ടിയ ശേഷം പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ബിലാലിനെ പ്രതികൾ പിന്തുടർന്നും ആക്രമിച്ചു.