
കാസർഗോഡ് : മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ ഗണേശൻ, മകൾ വൈഷ്‌ണവി (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും ഒരേ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മകൾ ആത്മഹത്യ ചെയ്ത വിവരം ഗണേശൻ തന്നെയാണ് അയൽവാസികളെ നേരിട്ടറിയിച്ചത്. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോൾ വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ അടച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവർ ശിവപുരത്തെ വീട്ടിലേക്ക് താമസം മാറിയത്. ഗണേശന്റെ ഭാര്യ ഹോം നഴ്സായി ജോലി ചെയ്യുകയാണ്. മകൻ കാറ്ററിംഗ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. പരവനടുക്കം ഗവ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് വൈഷ്ണവി. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മേൽപറമ്പ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.