
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി സിദ്ധരാമയ്യ. കോൺഗ്രസ് കേന്ദ്ര നേതൃത്വം തനിക്ക് മുന്നോട്ടുവെച്ച രാജ്യസഭാ സീറ്റും ദേശീയ പദവികളും സ്നേഹപൂർവ്വം നിരസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താല്പര്യമില്ലെന്നും കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും രാജി സമർപ്പിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
“ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നതാണ്. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു, അതിനാലാണ് ഞാൻ ഇന്ന് ഗവർണർക്ക് രാജി സമർപ്പിച്ചത്,” സിദ്ധരാമയ്യ പറഞ്ഞു. പാർട്ടിയിൽ ആഭ്യന്തര ഭിന്നതകളുണ്ടെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായി തള്ളി.ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഇതോടെ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും.രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി കാമ്പെയ്ന് കരുത്തുപകരാൻ, ഒബിസി (OBC) വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവായ സിദ്ധരാമയ്യയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഹൈക്കമാൻഡിന്റെ ലക്ഷ്യം.
ഒപ്പം ഡി.കെ. ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കാനും കൂടിയാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ തനിക്ക് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ താല്പര്യമില്ലെന്ന് സിദ്ധരാമയ്യ തീർത്തുപറഞ്ഞു.ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ സംസ്ഥാനത്തെ ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.