
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ ശൂന്യമായ മാലിന്യ നിർമാർജന ശൈലിക്കെതിരെ ഹൈക്കോടതി കർശന നിലപാടിൽ. അടിയന്തരമായി ക്ഷേത്രവും പരിസരവും ശുചീകരിക്കാൻ നിർദേശിച്ച കോടതി, വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. മാലിന്യ നിർമാർജനത്തിനായി ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.
കേസിൽ ഹാജരായ ഉദ്യോഗസ്ഥരും തങ്ങൾ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് പ്രത്യേക സത്യവാങ്മൂലം നൽകണം. കേസ് ജൂൺ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നോഡൽ ഓഫീസർ കോടതിയെ അറിയിച്ചെങ്കിലും, നിലവിലെ അവസ്ഥ അതീവ പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റിക് ടാങ്കിന് സമീപം കാടുപിടിച്ചു കിടക്കുന്ന അവസ്ഥ കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ പാചകപ്പുര (തിടപ്പള്ളി), കീഴ്ക്കാവിലെ ശൗചാലയം, ക്ഷേത്രക്കുളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കെട്ടിക്കിടക്കുന്ന ചിത്രങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.പ്രശ്നത്തിൽ നിന്നും ഉദ്യോഗസ്ഥർ പരസ്പരം ഉത്തരവാദിത്വം ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന സമീപനത്തെ കോടതി രൂക്ഷമായി വിമർശിച്ചു.”ഭക്തർക്ക് ആത്മീയാനുഭവം നൽകേണ്ട പുണ്യമായ ക്ഷേത്രപരിസരം ഇത്തരത്തിൽ മലിനമാകുന്നത് ഒരു തരത്തിലും അനുവദിക്കാനാവില്ല.
ക്ഷേത്രസംരക്ഷണം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ട്.” മഹാത്മാഗാന്ധിയുടെ ‘ശുചിത്വം ദൈവതുല്യമാണ്’ എന്ന വാക്കുകൾ ഉദ്ധരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ കർശന മുന്നറിയിപ്പ് നൽകിയത്.