Banner Ads

കോഴിക്കോട് കളക്ടറേറ്റിൽ ചട്ടലംഘനം: തസ്തികമാറ്റത്തിൽ അനാസ്ഥ; പി എസ് സി ഉദ്യോഗാർത്ഥികൾ തെരുവിലേക്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടറേറ്റിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയതായി പരാതി. അഞ്ച് വർഷത്തെ നിർബന്ധിത സേവന കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന മറികടന്നാണ് നടപടി. എന്നാൽ സ്‌പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ കാലാവധി നിർബന്ധമില്ലെന്നും മുൻപും സമാനമായ രീതിയിൽ തസ്തികമാറ്റം നൽകിയിട്ടുണ്ടെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം.

അതിനിടെ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ അഞ്ച് ജീവനക്കാരുടെ തസ്തികമാറ്റം കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെ ഇവരെ പഴയ ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി തിരിച്ചെടുത്തു. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഈ അനാസ്ഥ കാരണം വലിയ ദുരിതത്തിലായിരിക്കുന്നത് പിഎസ്സി വഴി പുതുതായി ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികളാണ്.

തരംതാഴ്ത്തപ്പെട്ടവരെ പഴയ തസ്തികകളിൽ പുനർനിയമിച്ചതോടെ അവിടെ ജോലി ചെയ്തിരുന്ന പുതിയ ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. അധികൃതരുടെ ചട്ടലംഘനം കാരണം അർഹതപ്പെട്ട ജോലി നഷ്ടപ്പെട്ട് തെരുവിലാക്കപ്പെട്ടിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.