
കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്റെ സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കാൻ ഇഡിആർ ജർമ്മനിയിലെ ബിഎംഡബ്ല്യു ആസ്ഥാനത്തേക്ക് അയക്കും. ജർമ്മനിയിലെ വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ വിവരങ്ങൾ പോലീസിന് കൈമാറൂ.
കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ മുൻനിർത്തിയാണ് ഈ നടപടി. ഇതോടെ അപകടസമയത്തെ വേഗതയും മറ്റ് വിവരങ്ങളും പോലീസിന് ലഭിക്കുന്നത് കൂടുതൽ വൈകും. അതിനിടെ കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി.
അഡ്വ ജോൺ എസ് റാൽഫിന്റെ പേരാണ് കുടുംബം നിർദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യമുന്നയിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് കൈമാറി. അതേസമയം കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആന്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് നീക്കം. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം പോലീസും ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട വാഹനം ഓടിച്ച 19കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.