Banner Ads

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി; നാല് ജില്ലകളിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി തിരുവനന്തപുരം സിറ്റി പൊലീസ് റെഡ് സോൺ ആയി പ്രഖ്യാപിച്ചു.

ഡ്രോണുകൾ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ മൂലമുള്ള ഭീഷണികൾ ഒഴിവാക്കാനും വിഐപി സുരക്ഷ ഉറപ്പാക്കാനുമായി ഡ്രോൺ റൂൾസ് 2021ലെ ചട്ടം 24 പ്രകാരമാണ് തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ ഇന്നും നാളെയും വ്യോമമേഖലാ നിരോധനം ഏർപ്പെടുത്തിയത്.

നിർദേശങ്ങൾ ലംഘിച്ച് ഡ്രോൺ പറത്തുന്നത് കർശനമായി തടയുമെന്ന് കമ്മീഷണർ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തുന്നത്. രാവിലെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി ആദ്യം ആലപ്പുഴയിലെത്തും.

കേരളകൗമുദി പത്രത്തിന്റെ വാർഷികാഘോഷത്തിലും പദ്മഭൂഷൺ ബഹുമതി ലഭിച്ച വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

വൈകുന്നേരം 5 മണിക്ക് വെള്ളയമ്പലം മാനവീയം വീഥിയിലെ വയലാർ പ്രതിമയ്ക്ക് സമീപത്തുനിന്ന് ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യുന്ന ഘോഷയാത്ര മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. പാളയത്ത് സജ്ജമാക്കുന്ന പ്രത്യേക പവലിയനിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കൊപ്പം ചലച്ചിത്ര താരം ആസിഫ് അലിയും പങ്കെടുക്കും.

ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.