
തിരുവനന്തപുരം : നിയമന ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ട റാങ്ക് ഹോൾഡേഴ്സ് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. അധികാരത്തിലിരിക്കുന്നവർ തങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണെന്നും സമരസമിതി സെക്രട്ടറി എസ് വളർമതി തുറന്നടിച്ചു.
തന്റെ ആരോഗ്യനില വഷളാകുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് വളർമതി ആരോപിച്ചു. നിങ്ങൾ തമ്പുരാക്കന്മാരുമല്ല. ഞങ്ങൾ അടിമകളുമല്ല. മുഖ്യമന്ത്രി തുടരുന്നത് ഏമാൻ നയമാണ്. എന്റെ ജീവൻ പോവുകയാണെങ്കിൽ ഇവിടെ നിന്ന് പൊയ്ക്കോട്ടേ. ജീവന് വിലയില്ലാത്ത സർക്കാരാണെന്ന് ജനങ്ങൾ അറിയട്ടെയെന്നും വളർമതി പ്രതികരിച്ചു.
ആരോഗ്യനില മെച്ചപ്പെടുത്തണമെന്ന് സർക്കാർ പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ്. എന്നിട്ട് വീണ്ടും നിരാഹാരത്തിലേക്ക് തള്ളിവിടുകയാണ്. മരണത്തിലേക്ക് തള്ളിവിട്ടാലും സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാധാരണക്കാരന് നീതി നിഷേധിക്കുന്ന സർക്കാരിനോട് ജനങ്ങൾക്ക് പുച്ഛം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും വളർതി കൂട്ടിച്ചേർത്തു.
എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 141 ദിവസങ്ങൾ പിന്നിട്ടു. സമരസമിതി കൺവീനർ എസ് വളർമതിയുടെ നിരാഹാര സമരം 28 ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.