Banner Ads

വേടന് യുകെയിലേക്ക് പറക്കാം: പ്രത്യേക ക്ലിയറൻസ് നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഹിരൺ ദാസ് മുരളിക്ക് (വേടൻ) പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് വിവരങ്ങളും കോടതി ഉത്തരവുകളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പിസിസി അനുവദിക്കാൻ റീജനൽ പാസ്‌പോർട്ട് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്.

വിവിധ കേസുകളിൽ പ്രതിയായതിനാൽ പിസിസി അനുവദിക്കാത്ത നടപടിയെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയായതിനാൽ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലമാണെന്നും പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാളുടെ വിദേശയാത്രയ്ക്കുള്ള ഭരണഘടനാപരമായ അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിരീക്ഷിച്ചു. ക്രിമിനൽ കേസ് നിലവിലുള്ളയാൾക്ക് കേസ് പരിഗണിക്കുന്ന ബന്ധപ്പെട്ട വിചാരണക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ നിയമപരമായി അർഹതയുണ്ടെന്ന മുൻവിധികളും കോടതി ആധാരമാക്കി.

ഹൈക്കോടതി ഉത്തരവ് ഉണ്ടെങ്കിലും കേസ് നിലവിലുള്ള വിചാരണക്കോടതിയുടെ പൂർണ്ണ അനുമതി നേടിയ ശേഷമേ വേടന് രാജ്യം വിട്ടുപോകാൻ സാധിക്കൂ. നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടൻ.