
തിരുവനന്തപുരം : കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാനുള്ള ബിജെപി നീക്കത്തെച്ചൊല്ലി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
കാപ്പാ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതിനിടയിലാണ് ഹാജർ രജിസ്റ്ററിനെച്ചൊല്ലി തർക്കം രൂക്ഷമായത്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാക്കപ്പെടും.
ജയിലിലുള്ള സുഗതൻ ഇതിനകം ഒരു യോഗത്തിൽ പങ്കെടുത്തിട്ടില്ല. ഇന്ന് കൂടി ഒപ്പിട്ടില്ലെങ്കിൽ അത് തുടർച്ചയായ രണ്ടാം വീഴ്ചയാകും. സുഗതന്റെ അയോഗ്യത ഒഴിവാക്കാൻ ബിജെപി-എൽഡിഎഫ് അംഗങ്ങൾ ഒത്തുകളിച്ച് ഹാജർ ബുക്കിൽ കള്ള ഒപ്പിടാൻ ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് തടയാനാണ് ഹാജർ ബുക്ക് പിടിച്ചുവാങ്ങിയതെന്നും യുഡിഎഫ് വിശദീകരിച്ചു.
ഇതിനിടെ രജിസ്റ്റർ കീറാനും ശ്രമമുണ്ടായി. കയ്യാങ്കളിക്കിടെ ബിജെപി കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി. ചെമ്പഴന്തി ഉദയൻ കൗൺസിലിലെ വനിതാ അംഗങ്ങളെ പരസ്യമായി കയ്യേറ്റം ചെയ്തെന്നും മിനിറ്റ്സ് ബുക്ക് ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നുമാണ് പരാതി.
എന്നാൽ പരസ്പരം മുദ്രാവാക്യം വിളിച്ച് ബിജെപി, എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഹാളിൽ തമ്പടിച്ചതോടെ കോർപ്പറേഷൻ ഓഫീസ് മണിക്കൂറുകളോളം യുദ്ധക്കളമായി മാറി.