
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരത്തിൽ ഒരാഴ്ചയ്ക്കകം അനുകൂല നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നഴ്സുമാരുടെ ആവശ്യങ്ങൾ ന്യായമാണ്. അത് സർക്കാർ അംഗീകരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മിനിമം വേതന നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സാധാരണയായി വിവാഹം കഴിഞ്ഞാൽ ദമ്പതികൾക്ക് ആറുമാസമെങ്കിലും ഹണിമൂൺ കാലം ലഭിക്കാറുണ്ട്. എന്നാൽ ആരോഗ്യവകുപ്പിന് അങ്ങനെ ഒരു ഹണിമൂൺ കാലമേ കിട്ടിയിട്ടില്ല. ചുമതലയേറ്റ നാൾ മുതൽ പ്രതിസന്ധികളാണെന്ന് മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികൾക്കും കെട്ടിടങ്ങളുണ്ടെങ്കിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മന്ത്രി തുറന്നുസമ്മതിച്ചു. പല പഴയ കെട്ടിടങ്ങൾക്കും നിലവിൽ ഫിറ്റ്നസ് പോലുമില്ലാത്ത അവസ്ഥയുണ്ട്. ഇത് എല്ലാം മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സുമാർ സമരത്തിൽ നിന്ന് പിന്മാറണം. ഇവരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവരികയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.