
കൊച്ചി : അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് വിതരണം നിലച്ചതോടെ നിരാലംബരായ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. കൊച്ചി നഗരസഭയ്ക്ക് കീഴിൽ മാത്രം ഇരുനൂറിലധികം കുടുംബങ്ങൾക്കുള്ള പ്രതിമാസ ഭക്ഷ്യക്കിറ്റാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചതും യുഡിഎഫ് നേതൃത്വത്തിലുള്ള കൊച്ചി കോർപ്പറേഷൻ ഭരണസമിതിയുടെ അനാസ്ഥയുമാണ് പാവപ്പെട്ടവരുടെ അന്നം മുട്ടിച്ചതെന്ന് ഗുണഭോക്താക്കൾ ആരോപിക്കുന്നു. കൂട്ടിനാരുമില്ലാതെ കഴിയുന്ന എഴുപത് വയസ്സ് പിന്നിട്ട കാൻസർ രോഗി വത്സലയെപ്പോലുള്ളവരുടെ ഏക ആശ്രയമായിരുന്നു ഈ ഭക്ഷ്യക്കിറ്റ്.
ലഭിക്കുന്ന പെൻഷൻ തുക മരുന്നിനുപോലും തികയാത്ത സാഹചര്യത്തിൽ വീടുകളിൽ കൃത്യമായി എത്തിയിരുന്ന ഭക്ഷ്യക്കിറ്റ് നിലച്ചതോടെ ഇവർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണസമിതി തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചതോടെ കോർപ്പറേഷന്റെ ഫണ്ടിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇതാണ് അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നിലയ്ക്കാൻ കാരണമായത്.