Banner Ads

മിഷൻ ചക്കക്കൊമ്പൻ ഇന്നും തുടരും: മയക്കുവെടി വെക്കാൻ 301 കോളനിക്ക് സമീപം സ്ഥലം കണ്ടെത്തി; ചിന്നക്കനാലിൽ നിരോധനാജ്ഞ

ഇടുക്കി : കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള മിഷൻ ചക്കക്കൊമ്പൻ ദൗത്യം ഇന്നും തുടരും. മയക്കുവെടി വെക്കുന്നതിനുള്ള അനുയോജ്യമായ സ്ഥലം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 301 കോളനിക്ക് സമീപത്തേക്ക് ആനയെ എത്തിച്ച് മയക്കുവെടി വെക്കാനാണ് നിലവിലെ തീരുമാനം. ചക്കക്കൊമ്പൻ മതികെട്ടാൻചോല വനമേഖലയിലേക്ക് കടന്നുപോകുന്നത് തടയാനുള്ള നടപടികളും വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലാ കളക്ടർ ചിന്നക്കനാലിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ദൗത്യമേഖലയിൽ സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും കർശന നിരോധനമുണ്ട്.